ഉച്ചവിശ്രമ നിയന്ത്രണം അവസാനത്തിലേക്ക്; ഇതുവരെ 64 ലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കനത്ത വേനൽ കണക്കിലെടുത്ത് രാജ്യത്ത് ജൂൺ മുതൽ ഏർപ്പെടുത്തിയ മധ്യാഹ്ന തൊഴിൽ നിരോധന നിയമം അവസാനത്തിലേക്ക്. ജൂൺ മുതൽ ആഗസ്റ്റ് 31വരെയാണ് രാജ്യത്ത് പുറംതൊഴിലിന് നിയന്ത്രണം. രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറംതൊഴിലുകൾക്കാണ് നിരോധനം. വേനൽക്കാലത്തെ കനത്ത ചൂടിന്റെ ഗുരുതരമായ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് നിയന്ത്രണം.
ഈ വർഷം ഇതുവരെ 64 ലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂലൈയിൽ 31 സ്ഥാപനങ്ങൾ നിയമം ലംഘിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ, ഇൻസ്പെക്ടർമാർ 102 തൊഴിലിടങ്ങൾ സന്ദർശിച്ചു. ഹോട്ട് ലൈൻ വഴി 26 പരാതികൾ ലഭിച്ചു. നേരത്തെ നിയലംഘനത്തിന് മുന്നറിയിപ്പ് നൽകപ്പെട്ട കമ്പനികൾ നിയമം പാലിക്കുന്നതായി തുടർപരിശോധനകളിൽ കണ്ടെത്തിയതായും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളുടെ നേതൃത്വത്തില്‍ പരിശോധന നടന്നുവരുന്നുണ്ട്. 2015ലാണ് രാജ്യത്ത് ഉച്ചവിശ്രമ നിയന്ത്രണം ആദ്യമായി അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

