യമനിലേക്ക് മെഡിക്കൽ സഹായം കൈമാറി മെട്രോ മെഡിക്കൽ ഗ്രൂപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ആതുരസേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുമായി (കെ.ആർ.സി.എസ്) ചേർന്ന് യമനിൽ മെഡിക്കൽ സഹായം എത്തിച്ചു. യമനിൽ കോളറ പടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര മെഡിക്കൽ സഹായം നൽകുന്നതിന്റെ ഭാഗമായാണ് നടപടി.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം, സാമൂഹ്യക്ഷേമ മന്ത്രാലയം, യമൻ റെഡ് ക്രസന്റ്, സൗദി റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് യമനിലെ ഏറ്റവും ബാധിത പ്രദേശങ്ങളിലേക്ക് മെഡിക്കൽ സഹായം എത്തിച്ചത്. രണ്ടു ലക്ഷത്തോളം ഡോളർ മൂല്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യ സാമഗ്രികൾ എന്നിവ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കൈമാറി.
ഫ്ലാഗ് ഓഫ് ചടങ്ങിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ജനറൽ മാനേജർ ഫവാസ് സാദ് അൽമസ്‌റോയ്, ഓപ്പറേഷൻസ് ഡയറക്ടർ സൈനബ് കംബർ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, കോർപ്പറേറ്റ് ബിസിനസ് മാനേജർ ഫൈസൽ ഹംസ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു.
ഗസ്സ,യമൻ തുടങ്ങിയ ഇടങ്ങളിലേക്ക് തുടർച്ചയായി സഹായം എത്തിക്കുന്ന കുവൈത്ത് സർക്കാറിനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും മുസ്തഫ ഹംസ നന്ദി അറിയിച്ചു. കരുണയും മനുഷ്യത്വവും ലോകത്തിനു മുന്നിൽ പ്രതിഫലിപ്പിക്കുന്ന ഇത്തരം മഹത്തായ ഇടപെടലുകൾ വലിയ പ്രചോദനമാണെന്നും വ്യക്തമാക്കി. ഗസ്സ, വയനാട് ഉരുൾപൊട്ടൽ, അത്യാവശ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ അയച്ചതുമുൾപ്പെടെ നടത്തിയ സഹായങ്ങൾ തങ്ങളുടെ ദീർഘകാല ജീവകാരുണ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഇവ തുടരുമെന്നും മുസ്തഫ ഹംസ കൂട്ടിച്ചേർത്തു.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സംഭാവനയെ റെഡ് ക്രസന്റ് സൊസൈറ്റി ജനറൽ മാനേജർ ഫവാസ് സാദ് അൽമസ്‌റോയ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

