ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് കുവൈത്തിന് തോൽവിയോടെ തുടക്കം
text_fieldsലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് -ആസ്ട്രിയ മത്സരം
കുവൈത്ത് സിറ്റി: ക്രൊയേഷ്യ, ഡെന്മാർക്, നോർവേ എന്നീ രാജ്യങ്ങളിലായി നടക്കുന്ന പുരുഷന്മാരുടെ ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ ആസ്ട്രിയയാണ് കുവൈത്തിനെ 37 -26 സ്കോറിന് തോൽപിച്ചത്.
തുടക്കത്തിൽ ആക്രമിച്ചുകളിച്ച കുവൈത്തിന് പതിയെ താളം നഷ്ടമായപ്പോൾ യൂറോപ്യൻ ടീം കളത്തിൽ ആധിപത്യം സ്ഥാപിച്ചു.
ആദ്യപകുതിയിൽ ആസ്ട്രിയ 18 -16ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ആസ്ട്രിയയുടെ മുന്നേറ്റത്തിന് മൂർച്ച കൂടി. അത് സ്കോറിലും പ്രതിഫലിച്ചു. ഗ്രൂപ്പ് സിയിൽ ഫ്രാൻസ്, ആസ്ട്രിയ, ഖത്തർ എന്നിവയോടൊപ്പമാണ് കുവൈത്ത് മത്സരിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഖത്തറിനെ 37 -19ന് കീഴടക്കി. അൾജീരിയൻ പരിശീലകൻ സൈദ് ഹദ്ജസിയുടെ നേതൃത്വത്തിൽ 18 അംഗ ടീം നല്ല മുന്നൊരുക്കം നടത്തിയാണ് കുവൈത്ത് അങ്കത്തിന് പോയിട്ടുള്ളത്.
16 വർഷത്തിന് ശേഷമാണ് കുവൈത്തിന് ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന് യോഗ്യത ലഭിക്കുന്നത്. നാലുതവണ ഏഷ്യൻ ചാമ്പ്യന്മാരായ കുവൈത്ത് എട്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.
2009ൽ ക്രൊയേഷ്യയിലാണ് അവസാനമായി പങ്കെടുത്തത്. ആകെ 32 ടീമുകളാണ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.
ഗ്രൂപ്പ് ‘എ’യിൽ ജർമനി, ചെക് റിപ്പബ്ലിക്, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നിവയും ഗ്രൂപ്പ് ‘ബി’യിൽ ഡെന്മാർക്, ഇറ്റലി, അൽജീരിയ, തുനീഷ്യ എന്നിവയും ഗ്രൂപ്പ് ‘ഡി’യിൽ ഹംഗറി, നെതർലൻഡ്സ്, നോർത് മാസിഡോണിയ, ഗിനിയ എന്നിവയും ഗ്രൂപ്പ് ‘ഇ’യിൽ നോർവേ, പോർചുഗൽ, ബ്രസീൽ, യു.എസ് ടീമുകളും ഗ്രൂപ്പ് ‘എഫി’ൽ സ്വീഡൻ, സ്പെയിൻ, ജപ്പാൻ, ചിലി എന്നിവയും ഗ്രൂപ്പ് ജിയിൽ സ്ലോവേനിയ, ഐസ്ലൻഡ്, ക്യൂബ, കേപ് വെർദെ എന്നിവയും ഗ്രൂപ്പ് എച്ചിൽ ഈജിപ്ത്, ക്രൊയേഷ്യ, അർജന്റീന, ബഹ്റൈൻ എന്നിവയും മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

