ബിയോട്ട് ഹോൾഡിങ്ങുമായി ധാരണപത്രം ഒപ്പുവെച്ചു; അൽ മുത്‌ലാ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റുമായി ലുലു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ റെസിഡെൻഷ്യൽ പദ്ധതിയായ അൽ മുത്‌ലാ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് നിർമിക്കാനൊരുങ്ങി ലുലു. മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബിയോട്ട് ഹോൾഡിങ്ങുമായി കൈകോർത്താണ് പുതിയ ഹൈപ്പർമാർക്കറ്റ് ലുലു യാഥാർഥ്യമാക്കുന്നത്. സൗത്ത് അൽ മുത്‌ലാ സിറ്റിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് നിർമിക്കുക. കുവൈത്തിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സഹകരണം.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ബിയോട്ട് ഹോൾഡിങ് ഗ്രൂപ് സി.ഇ.ഒയും വൈസ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ അൽ ഖാന എന്നിവർ ചേർന്ന് ഇത് സംബന്ധിച്ചുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. ബിയോട്ട് പ്ലസ് പ്രൊജ്ക്ടിൽ ഭാഗമാകുന്ന ആദ്യ റീട്ടെയ്ൽ ഗ്രൂപ്പുകളിലൊന്നാണ് ലുലു.
സൗത്ത് അൽ മുത്‌ലാ സിറ്റിയിൽ 27 ലക്ഷം ചതുരശ്രയടിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിൽ 72000 ചതുരശ്രയടിയിലുള്ള ഹൈപ്പർമാർക്കറ്റാണ് ലുലു നിർമിക്കുക. കുവൈത്തിൽ ലുലുവിന്റെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റെന്നും, സൗത്ത് അൽ മുത്‌ലാ സിറ്റിയിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ് സേവനമാണ് ലക്ഷ്യമെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
മുൻനിര റീട്ടെയ്ൽ ഗ്രൂപ്പായ ലുലുവുമായി സഹകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിയോട്ട് ഹോൾഡിങ്ങ് ഗ്രൂപ് സി.ഇ.ഒയും വൈസ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ അൽ ഖാനാ പറഞ്ഞു. 2027 മാർച്ചിനകം പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

