കല കുവൈത്ത് മെഗാ സാംസ്കാരിക മേള സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsകല കുവൈത്ത് സാംസ്കാരിക മേള സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ആക്ടിങ് സെക്രട്ടറി രജീഷ് സി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന് കല കുവൈത്ത് മെഗാ സാംസ്കാരിക മേളയായ ‘ദ്യുതി- 2024’ ഒക്ടോബർ 25ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപവത്കരണ യോഗം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്നു. കല കുവൈത്ത് ആക്ടിങ് പ്രസിഡന്റ് റിച്ചി കെ.ജോർജ് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി രജീഷ്.സി പരിപാടി വിശദീകരിച്ചു. അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ആക്ടിങ് സെക്രട്ടറി മറുപടി നൽകി. പരിപാടിയുടെ നടത്തിപ്പിനായി 251 അംഗ ജനറൽ കമ്മിറ്റിയെയും എക്സിക്യൂട്ടിവിനെയും തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ജെ. സജിയേയും കൺവീനർമാരായി ഹരിരാജ്, അനിൽ കുക്കിരി എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷൈമേഷ് (ഫിനാൻസ്), അനിൽകുമാർ (റാഫിൾ ), പ്രവീൺ പി.വി (സുവനീർ), മാത്യു ജോസഫ് (വളന്റിയർ), നിഷാന്ത് ജോർജ് (കലാപരിപാടി), പ്രജോഷ് (പബ്ലിസിറ്റി), ബിജു വിദ്യാനന്ദൻ (സ്റ്റേജ്-സൗണ്ട്), ഷിനി റോബർട്ട് (റിസപ്ഷൻ), ഗോപൻ (ഫുഡ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. ഈ വർഷത്തെ റാഫിൾ കൂപ്പൺ പ്രകാശനം ആർ. നാഗനാഥൻ കലയുടെ മുതിർന്ന അംഗം ജോസ് മുട്ടത്തിന് നൽകി നിർവഹിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ജെ. സജി നന്ദിയും പറഞ്ഞു.

