വിവിധ രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsയു.എൻ പ്രത്യേക ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ
മുബാറക് അസ്സബാഹ്
കുവൈത്ത് സിറ്റി: ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തലും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ഉച്ചകോടിയിൽ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പങ്കെടുത്തു. സൗദി അറേബ്യയും ഫ്രാൻസുമാണ് പ്രത്യേക ഉച്ചകോടിക്ക് നേതൃത്വം നൽകിയത്. വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയും കിരീടാവകാശിക്കൊപ്പം യോഗത്തിൽ ഭാഗമായി.
ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാനും ഗസ്സയിലെ ബോംബാക്രമണം, കൂട്ടക്കൊലകൾ, കുടിയിറക്കം എന്നിവ അവസാനിപ്പിക്കാനുമുള്ള സമയമാണിതെന്ന് മാക്രോൺ പറഞ്ഞു. സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാകണമെന്ന് ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ ചരിത്രപരമായ നിലപാടിനെ സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അഭിനന്ദിച്ചു. ഫലസ്തീൻ ജനതയോട് നീതി പുലർത്താനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഇച്ഛാശക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.
80ാമത് യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിലും കിരീടാവകാശി പങ്കെടുക്കും. ന്യൂയോർക്കിലെത്തിയ കിരീടാവകാശി വിവിധ രാഷ്ട്ര തലവന്മാരുമായി കൂടികാഴ്ച നടത്തി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള കൂടികാഴ്ചയിൽ കുവൈത്ത് അമീറിന്റെ ആശംസകൾ കൈമാറി. കുവൈത്തും തുർക്കിയയും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയും പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

