പ്രവാസികളുടെ മെഡിക്കൽ പരിശോധന; ഷാഫി പറമ്പിലിന് 'റോക്ക്' നിവേദനം നൽകി
text_fieldsഷാഫി പറമ്പിൽ എം.പിക്ക് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് പ്രതിനിധികൾ നിവേദനം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് (റോക്ക്) കുവൈത്തിലെത്തിയ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി. വിസ നടപടികൾക്കായി നാട്ടിൽ നടത്തുന്ന മെഡിക്കൽ പരിശോധനകളിലെ അപാകതകളും പ്രവാസികൾ നേരിടുന്ന മറ്റ് അവഗണനകളും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മെഡിക്കൽ റിസൽട്ട് കൃത്യമായി നൽകാത്തതിനാൽ പോരായ്മകൾ പരിഹരിക്കാനോ ചികിത്സ തേടാനോ ഉദ്യോഗാർഥികൾക്ക് കഴിയുന്നില്ല.
അനധികൃതമായി ആളുകളെ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുത്തി ഇതിലൂടെ അഴിമതിക്ക് വഴിയൊരുക്കുന്നതായി പരാതി ഉയരുന്നതായും സൂചിപ്പിച്ചു. മെഡിക്കൽ പരിശോധനയുടെ ഫലം പൂർണമായി ലഭ്യമാക്കാൻ നടപടി വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഒരാൾ പ്രവാസിയാകുന്നതോടെ റേഷൻ കാർഡ് സ്റ്റാറ്റസ് മാറുന്നതും അതുവഴി സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടമാകുന്നതും പ്രവാസികളുടെ മക്കൾക്ക് അർഹമായ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിഷേധിക്കപ്പെടുന്ന സാഹചര്യവും എം.പിയെ ബോധ്യപ്പെടുത്തി.
വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ഷാഫി പറമ്പിൽ എം.പി ഉറപ്പുനൽകി. അസോസിയേഷൻ ചെയർമാൻ അബു കോട്ടയിലിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഹയ, എൻ.കെ റഹീം, സെക്രട്ടറിമാരായ ഷാഫി മഫാസ്, അനസ് ബ്യുകോലിക്ക്, ബി.കെ. മജീദ്, സി.പി. അശ്റഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

