കുവൈത്തിലേക്കുള്ള വൈദ്യപരിശോധന: ഖിദ്മാത്തിനെ നീക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വൈദ്യപരിശോധനാ ചുമതലയിൽനിന്ന് ഖിദ്മാത്ത് ഇൻറഗ്രേറ്റഡ് സൊലൂഷന്‍സിനെ നീക്കി. നേരത്തേ മെഡിക്കൽ ടെസ്റ്റ് നടത്തിയിരുന്ന ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെൻറര്‍ അസോസിയേഷന് നടത്തുന്ന പരിശോധനകൾ അംഗീകരിക്കുമെന്നും ഡൽഹിയിലെ കുവൈത്ത് എംബസിയുടെ സർക്കുലറിൽ അറിയിച്ചു. കുവൈത്തിലേക്ക് കുടുംബ വിസയിൽ വരുന്ന ഇന്ത്യക്കാരുടെ വിസാ നടപടികളിൽനിന്ന് ഏജൻസികളെ ഒഴിവാക്കിയതായും സർക്കുലറുണ്ട്. വിസാ നടപടികൾക്ക് ചുമതലപ്പെടുത്തിയിരുന്ന ഇന്ത്യയിലെ മവാരിദ് സർവിസസ്, ഒപ്യുലാൻഡ് പ്രോജക്ട്, ദാന എൻറർ പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്നു ഏജൻസികളുമായുള്ള ബന്ധം അവസാനിപ്പിച്ചതായാണ് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഏപ്രിൽ 12ന് ഇറക്കിയ അറിയിപ്പ് പ്രകാരം കുവൈത്തിലേക്ക് കുടുംബവിസയിൽ പോകുന്നവർ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള നടപടികൾക്കായി എംബസിയെ നേരിട്ട് ബന്ധപ്പെടണം.
അതോടൊപ്പം, കുവൈത്തിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ വൈദ്യ പരിശോധനാ ചുമതലയിൽനിന്ന് ഖിദ്മാത്ത് ഇൻറഗ്രേറ്റഡ് സൊലൂഷന്‍സിനെ മാറ്റി പകരം ഗാംക ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെൻറര്‍ അസോസിയേഷന് എന്ന ഏജൻസിയെ ഏൽപിച്ചിട്ടുമുണ്ട്. നേരത്തേ 2015ലും കുവൈത്ത് എംബസി സമാന നടപടി കൈക്കൊണ്ടിരുന്നു. ഖദാമത്ത് സൊലൂഷൻസ് അമിത ചാർജ് ഈടാക്കുന്നതുൾപ്പെടെയുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നായിരുന്നു നടപടി. ഖദാമത്തിന് സ്വന്തമായി ലാബ് സൗകര്യം ഇല്ലാത്തതിനാൽ പരിശോധനാ ഫലം വൈകുന്നതും പതിവായിരുന്നു. കൂടുതൽ കേന്ദ്രങ്ങൾ തുറക്കുകയും നിരക്ക് കുറക്കുകയും ചെയ്താണ് ഏജൻസി സേവനക്കരാർ തിരിച്ചുപിടിച്ചത്. അതേസമയം, ഇപ്പോൾ ഖദാമത്ത് ഉൾപ്പെടെയുള്ള ഏജൻസികളെ ഒഴിവാക്കിയതിെൻറ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല ഏതായാലും വൈദ്യപരിശോധന സംവിധാനം ഗാംകയെ ഏൽപിച്ചത് മലയാളികൾക്ക് അനുഗ്രഹമാകും. കേരളത്തിൽ 13ഓളം സെൻററുകളാണ് ഗാംകക്കു കീഴിലുള്ളത്. കോഴിക്കോട് മാത്രം അഞ്ചു കേന്ദ്രങ്ങളിൽ ഗാംകക്ക് അംഗീകൃത പരിശോധന കേന്ദ്രങ്ങൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
