Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തെറ്റായ പൊതുബോധത്തെ പ്രതിരോധിക്കാന്‍ മീഡിയവണ്ണിന്  കഴിഞ്ഞു –പി. മുജീബുറഹ്മാന്‍
cancel

2013 ഫെബ്രുവരി 10ന് ശേഷം മലയാള ടെലിവിഷന്‍ ചാനലുകള്‍ മുമ്പത്തെപ്പോലെ ആയിരിക്കില്ല എന്ന അവകാശവാദവുമായിട്ടാണ് മീഡിയവണ്‍ കടന്നുവന്നത്. മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഇത് എത്രമാത്രം സാര്‍ഥകമാക്കാനായി എന്നാണ് വിലയിരുത്തല്‍? 
കേരളത്തിലെ ചാനലുകളുടെ പതിവുരീതികള്‍ക്കപ്പുറത്ത് ചിലത് ചെയ്യാനുണ്ടെന്ന ഉറച്ച ബോധ്യത്തില്‍നിന്നാണ് അങ്ങനെയൊരു മുദ്രാവാക്യം മുന്നോട്ടുവെച്ചത്. വര്‍ഗീയ ഫാഷിസവുമായി ബന്ധപ്പെട്ടും സാമ്രാജ്യത്വ അധിനിവേശവുമായി ബന്ധപ്പെട്ടും കേരളത്തിന്‍െറ പൊതുമണ്ഡലത്തില്‍ സംഭവിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കുക തുടങ്ങിയ കാര്യങ്ങളെ മുന്നില്‍വെച്ചുമാണ് മീഡിയവണ്‍ പിറവിയെടുത്തത്. മീഡിയവണ്ണിന് അതിന്‍േറതായ മൂല്യസങ്കല്‍പത്തെകൂടി കേരളത്തിന് കൈമാറേണ്ടതുണ്ടായിരുന്നു. ഞങ്ങള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയവും മൂല്യസങ്കല്‍പവും മൂന്നര വര്‍ഷം കൊണ്ട് വലിയ തോതില്‍ സ്വീകരിക്കപ്പെട്ടു എന്നുതന്നെയാണ് കരുതുന്നത്.
 
മലയാള മാധ്യമരംഗത്ത് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു?
മീഡിയകള്‍ നിര്‍മിച്ചുകൊണ്ടിരുന്ന തെറ്റായ പൊതുബോധത്തെ ഒരളവോളം പ്രതിരോധിക്കാന്‍ മീഡിയവണ്ണിന് കഴിഞ്ഞു. മുഖ്യധാര അവഗണിച്ച പല വിഷയങ്ങളും സജീവമായ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. ദലിതരും ആദിവാസികളും പിന്നാക്ക ജനവിഭാഗങ്ങളും ഉള്‍പ്പെടെ പാര്‍ശ്വവത്കൃത ജനസമൂഹത്തിന് തുണയായി നിലയുറപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തിന് പുറത്തുണ്ടായ ഹൈദരാബാദ് പ്രശ്നം, ഉനയിലെ ദലിത് ഉയിര്‍ത്തെഴുന്നേല്‍പ്, ജെ.എന്‍.യു തുടങ്ങിയ കാര്യങ്ങളില്‍ യഥാര്‍ഥ രാഷ്ട്രീയം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഫാഷിസം തനിസ്വരൂപം പുറത്തെടുത്ത് തുടങ്ങിയ ഒരുഘട്ടത്തില്‍ മൂല്യാധിഷ്ടിത മാധ്യമപ്രവര്‍ത്തനം എത്രമാത്രം സുഗമമാവും?
മൂല്യാധിഷ്ടിത മാധ്യമപ്രവര്‍ത്തനം ഏറ്റവും പ്രസക്തമായ ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് ഇന്നുള്ളത്. ദേശീയതലത്തില്‍ പല മീഡിയകളും സംഘ് പരിവാര്‍ സ്വാധീനത്തിലായിക്കഴിഞ്ഞു. പല പ്രമുഖ മീഡിയകളും പ്രത്യക്ഷമായി തന്നെ വഴങ്ങിക്കഴിഞ്ഞു. മലയാളത്തിലും അവരുടെ സ്വാധീനം വര്‍ധിച്ചുവരുകയാണ്. എന്‍.ഡി.ടി.വിക്ക് ഒരു ദിവസം വിലക്ക് ഏര്‍പ്പെടുത്തിയത് ഫാഷിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍തന്നെ പിടിമുറുക്കാനുള്ള നീക്കത്തിലാണ് എന്നതിന് തെളിവാണ്. സ്വാഭാവികമായും ഇതിനെതിരിലുള്ള പ്രതിരോധത്തെയും അധികാരമുഷ്ക് ഉപയോഗിച്ച് നേരിടാന്‍ അവര്‍ ശ്രമിക്കും. 
ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം ദുഷ്കരമാവുന്ന സാഹചര്യം സംജാതമാവുമെന്ന് ഉറപ്പാണ്. കേരളത്തിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, മാധ്യമരംഗത്ത് സംഘ്പരിവാര്‍ കൈവെച്ചുകഴിഞ്ഞു. കേരളത്തെ സംഘ്പരിവാര്‍ സവിശേഷമായി ലക്ഷ്യംവെക്കുന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. ഈ ഘട്ടത്തില്‍ വര്‍ഗീയവത്കരണത്തെയും സാമുദായിക ദ്രുവീകരണത്തെയും സൗഹൃദത്തിലും സാഹോദര്യത്തിലും ഊന്നിയ കേരളീയ പാരമ്പര്യത്തെയും പൈതൃകത്തെയും ചേര്‍ത്തുനിര്‍ത്തി ചെറുക്കുക എന്ന ശ്രമകരമായ ദൗത്യം കൂടിയാണ് മീഡിയവണ്ണിന് നിര്‍വഹിക്കാനുള്ളത്.

മാധ്യമരംഗം പൊതുവായി നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
കേരള ജനതക്കിടയില്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം മാധ്യമസാന്നിധ്യമുണ്ട്. ഇതിന്‍െറ ഭാഗമായി അനാരോഗ്യകരമായ മത്സരപ്രവണതകളും ഉണ്ട്. 
ഇത് ആശാവഹമല്ല. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന ഉത്തരവാദിത്വ നിര്‍വണത്തിനപ്പുറത്തുള്ള വ്യാപാരതാല്‍പര്യങ്ങള്‍ കടന്നുവരുന്നത് മാധ്യമരംഗത്തിന് സ്വയമേയും പൊതുസമൂഹത്തിന് തന്നെയും ദോഷം ചെയ്യും.മീഡിയവണ്‍ ജനകീയ ചാനലാണ്. ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് അതിനെ താങ്ങിനിര്‍ത്തുന്നത്. സാധാരണക്കാരുടെ നിക്ഷേപം കൊണ്ടാണ് ഈ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. കോര്‍പറേറ്റ് ചാനലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മീഡിയവണ്ണിന്‍െറ കരുത്തും അതുതന്നെയാണ്. തുടര്‍ന്നും ആ പിന്തുണയും ശ്രദ്ധയും ഉണ്ടെങ്കില്‍ ഏതു വെല്ലുവിളികളെയും അതിജയിക്കാനുള്ള കരുത്ത് മീഡിയവണ്ണിനുണ്ട്. 

മൂന്നര വര്‍ഷമായ മീഡിയവണ്‍ ചാനലിനെ കുറിച്ച് ഇപ്പോള്‍ വിലയിരുത്തുന്നത് എന്താണ്?
കേരളീയ സമൂഹത്തില്‍ ഗുണപരമായ ഇടപെടലുകള്‍ക്ക് മീഡിയവണ്ണിന് കഴിഞ്ഞിട്ടുണ്ട്. അത് പൊതുസമൂഹവും അംഗീകരിച്ചതാണ്. 
എന്നാല്‍, ഇതില്‍ തൃപ്തിപ്പെടാന്‍ നമ്മള്‍ സന്നദ്ധമല്ല. ഒരു വാര്‍ത്താചാനല്‍ എന്ന നിലയില്‍ ഇനിയും ഒരുപാട് മുന്നോട്ടുപോവാനുണ്ട്. വളര്‍ച്ചയുടെ ഘട്ടത്തില്‍ അനിവാര്യമായി വരുന്ന വൈവിധ്യവത്കരണവും വിപുലീകരണവും സാധാരണക്കാരുടെ പിന്‍ബലമുള്ളത് കൊണ്ട് തന്നെ സാധ്യവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaone
News Summary - mediaone
Next Story