നടപടികൾ കർശനമാക്കി; കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണത്തിൽ കുറവ്
text_fieldsകുവൈത്ത് സിറ്റി: നടപടികൾ കർശനമാക്കിയതോടെ രാജ്യത്ത് താമസ നിയമ ലംഘകരുടെ എണ്ണത്തിൽ കുറവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ 2025ലെ ഇമിഗ്രേഷൻ റിപ്പോർട്ടിലാണ് ഈ വിവരം. 2024ൽ 81,500 ആയിരുന്ന താമസ നിയമ ലംഘകരുടെ എണ്ണം 2025ൽ 80,800 ആയി കുറഞ്ഞു.
നിയമലംഘകരുടെ രേഖകൾ ക്രമപ്പെടുത്താനുള്ള നടപടികളാണ് എണ്ണത്തിൽ കുറവ് വരാൻ കാരണമായതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതേസമയം കുവൈത്തിലെ പ്രവാസി ജനസംഖ്യ വർധിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 അവസാനത്തോടെ സാധുവായ റസിഡൻസി പെർമിറ്റുകളുടെ എണ്ണം 3.166 ദശലക്ഷം ആയി ഉയർന്നു.
ഇത് മുൻവർഷത്തേക്കാൾ 4.7 ശതമാനം വർധനവാണ്. റദ്ദാക്കിയ റസിഡൻസി പെർമിറ്റുകളുടെ എണ്ണം 49,700ൽ നിന്ന് 47,200 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളാണ് ഏറ്റവും വലിയ വിഭാഗമായി തുടരുന്നത്. ഈ വിഭാഗത്തിൽ 1.66 ദശലക്ഷം പേർ സാധുവായ റസിഡൻസി പെർമിറ്റ് കൈവശം വെക്കുന്നു. താമസ നിയമ ലംഘനങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ തുടരുമെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

