ഇലക്ഷൻ കാർഡിലെ ഞാനും ശരിക്കുള്ള ഞാനും
text_fieldsതെരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ നിമിഷത്തെക്കുറിച്ചാണ്. ആദ്യത്തെ വോട്ട് എന്നെ സംബന്ധിച്ച് വല്ലാത്ത ഒരു അനുഭൂതിയാണ്. വോട്ട് ചെയ്യാൻ പോകുന്നതിനുള്ള ഒരുക്കങ്ങൾ ഇലക്ഷൻ കാർഡ് കൈയിൽ കിട്ടിയപ്പോൾ മുതൽ ആരംഭിച്ചതാണ്. എന്നാൽ വോട്ടർ ഐഡി കാർഡിലെ ഫോട്ടോ എനിക്ക് തൃപ്തി നൽകിയിരുന്നില്ല. അതു നോക്കി നിൽക്കെ ഇത് ഞാൻ തന്നെയാണോ എന്ന് എനിക്കുതോന്നി.
ചെങ്കൂർ കെ.പി.എം.എച്ച്.എസ് സ്കൂളിലെ ബൂത്തിലാണ് ഞാൻ എന്റെ സമ്മതിദാന അവകാശം ആദ്യമായി ഉപയോഗപ്പെടുത്തിയത്. വോട്ട് ചെയ്യുന്ന സ്കൂൾ എന്റെ വീടിന് സമീപത്ത് ആയിരുന്നു. അതിനാൽ അതിരാവിലെ പോയി വരിയിൽ നിന്നു. വോട്ട് കുത്താനായി സ്കൂളിന് മുന്നിലെ വരിയിൽ നിൽക്കുമ്പോൾ നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം, അത് ഉൾപ്പെടുന്ന മുന്നണി, ആ മുന്നണി വിജയിച്ചേ മതിയാകൂ എന്ന മനസിന്റെ ദൃഢനിശ്ചയം ഇതെല്ലാം ചേർന്ന അനുഭവമാണ് മനസിൽ ഉണ്ടായിരുന്നത്.
അങ്ങനെ എന്റെ ഊഴമെത്തി. ബൂത്തിലെ ഓഫീസർ കാർഡിലേക്കും എന്റെ മുഖത്തേക്കും സംശയാസ്പദമായി മാറിമാറി നോക്കി. വീണ്ടും വീണ്ടും ഇത് ഞാൻ തന്നെയാണോ എന്ന് മാറി മാറി നോക്കി. ഒടുക്കം ഉറപ്പുവരുത്തുന്നതുവരെ ഇനി വോട്ടുചെയ്യാൻ കഴിയാതെ പോകുമോ എന്ന ഭയമായിരുന്നു ഉള്ളിൽ. രാഷ്ട്രീയ പാർട്ടിയിലുള്ളവർ അവരുടെ പാർട്ടിക്ക് വോട്ട് ചെയ്യണം എന്നു വീട്ടിൽ എത്തി ക്ലാസ് നൽകിയിരുന്നു. ബന്ധുക്കൾ, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരെല്ലാം അസാധു ആകാതെ എപ്രകാരം വോട്ട് ചെയ്യണമെന്ന് തലങ്ങും വിലങ്ങും പറഞ്ഞു തന്നതിനാലും ആദ്യ വോട്ട് അസാധു ആയില്ല.
അങ്ങനെ വിരലിൽ അവർ അടയാളം വെച്ചു. വോട്ട് രേഖപ്പെടുത്തിയ മുതിർന്ന പൗരനായി ഞാൻ പുറത്തേക്കിറങ്ങി. ആദ്യമായി വോട്ട് ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമായി തോന്നി. അതൊക്കെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. പഠനത്തിന്റെയും ജോലിയുടെയും ഭാഗമായി പിന്നീട് നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നതിനാൽ ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ എനിക്ക് സാധിച്ചിട്ടുള്ളൂ. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും അടുത്തതവണ നാട്ടിൽ എത്തണം വോട്ടു ചെയ്യണം എന്ന് ഓർക്കും. ഈ തെരഞ്ഞെടുപ്പുകാലവും അങ്ങനെ കടന്നു പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

