‘മർഹബൻ യാ റമദാൻ’ –കെ.ഐ.ജി സംഗമം
text_fieldsകെ.ഐ.ജി സിറ്റി ഏരിയ സംഘടിപ്പിച്ച ‘മർഹബൻ യാ റമദാൻ’സംഗമത്തിൽ ഫൈസൽ
മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാൻ മന്നൊരുക്കത്തിന്റെ ഭാഗമായി കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ‘മർഹബൻ യാ റമദാൻ’ സംഗമം സംഘടിപ്പിച്ചു. രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വാഗ്മിയും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി ‘ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങൾ’എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. റമദാനിലെ ഓരോ ദിനരാത്രങ്ങളും വ്രതാനുഷ്ഠാനത്തിലൂടെയും ഖുർആൻ പാരായണത്തിലൂടെയും, മനസ്സകങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ കരിച്ചുകളയാനുതകുന്നവിധം ആത്മ സംസ്കരണത്തിന്റേതാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
ഖുർആനിലെ നിയമങ്ങൾ ഓരോന്നും അണുവിട മാറ്റമില്ലാതെ വിശ്വാസിക്ക് അനുവർത്തിക്കാനുള്ളതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ.ഐ.ജി സിറ്റി ഏരിയ പ്രസിഡന്റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. മുഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി. കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.ജി റിഗഈ ഏരിയ പ്രസിഡന്റ് സിറാജ് സ്റാമ്പിക്കൽ, സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. അഫ്സൽ തറയിൽ സ്വാഗതവും സിറ്റി ഏരിയ സെക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു.