അര്‍ബുദത്തിനെതിരെ ജനകീയ മാരത്തണ്‍
text_fieldsകുവൈത്ത് സിറ്റി: കാന്‍സറിനെതിരെ സംഘടിപ്പിച്ച ജനകീയ മാരത്തണ്‍ ശ്രദ്ധേയമായി. ലോക കാന്‍സര്‍ ദിനാചരണ ഭാഗമായി ശനിയാഴ്ച സംഘടിപ്പിച്ച മാരത്തണില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. കുവൈത്ത് സ്വിമ്മിങ് കോംപ്ളക്സ് പരിസരത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം അറേബ്യന്‍ ഗള്‍ഫ് തീരത്തെ ഗ്രീന്‍ ഐലന്‍ഡിലാണ് സമാപിച്ചത്. അര്‍ബുദ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇത്തരം ഒരു മാരത്തണ്‍ നടക്കുന്നത് ആദ്യമാണ്. അതിനിടെ, രാജ്യത്ത് ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് അര്‍ബുദം മൂലമെന്ന് റിപ്പോര്‍ട്ട്. രാജ്യനിവാസികളില്‍ ലക്ഷത്തില്‍ 21 പേര്‍ അര്‍ബുദം ബാധിച്ച് മരിക്കുന്നുണ്ടെന്ന് കുവൈത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍അവാദി പറഞ്ഞു.
പുരുഷന്മാര്‍ക്കിടയില്‍ അര്‍ബുദം വര്‍ധിക്കുകയാണ്. 1974ല്‍ ലക്ഷത്തില്‍ 89 പേര്‍ക്ക് അര്‍ബുദബാധയുണ്ടായിരുന്നത് 2013ല്‍ 129 ആയി. 2029 ആവുമ്പോഴേക്ക് ലക്ഷത്തില്‍ 140 പേര്‍ക്ക് അര്‍ബുദ ബാധയുണ്ടാവുമെന്നാണ് പ്രവചനം. പുകവലിയും മയക്കുമരുന്നുകളുടെ ഉപയോഗവും തെറ്റായ ജീവിതശൈലിയുമാണ് അര്‍ബുദ നിരക്ക് വര്‍ധനക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സബാഹ് മെഡിക്കല്‍ ഡിസ്ട്രിക്ടില്‍ 2019ല്‍ പുതിയ കാന്‍സര്‍ നിയന്ത്രണ കേന്ദ്രം തുടങ്ങുമെന്നും ഭാവിയില്‍ അര്‍ബുദ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് രാജ്യം പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
