മൻഗഫ് അഗ്നിബാധ; എൻ.ബി.ടി.സി ഇൻഷുറൻസ് തുക കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫിൽ തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട 49 ജീവനക്കാരുടെ കുടുംബത്തിന് എൻ.ബി.ടി.സി ഇൻഷുറൻസ് തുക കൈമാറി. ജീവനക്കാരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദീനാർ (ഏകദേശം 17.31 കോടി രൂപ) ആണ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറിയത്.
എൻ.ബി.ടി.സി കോർപ്പറേറ്റ് ഒഫീസിൽ നടന്ന ചടങ്ങിൽ മരിച്ചവരുടെ ഗ്രൂപ് ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം 49 ജീവനക്കാരുടെയും അവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. കുവൈത്തിലെ എംബസി പ്രതിനിധികൾ, ലുലു എക്സ്ചേഞ്ച് ഗ്രൂപ്, എൻ.ബി.ടി.സി മാനേജ്മെന്റ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്നും ദുരിതബാധിത കുടുംബങ്ങളെ പിന്തുണക്കുന്നത് തുടരുമെന്നും എൻ.ബി.ടി.സി ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം പറഞ്ഞു. അഗ്നിബാധയിൽ മരിച്ച ഇന്ത്യൻ ജീവനക്കാരുടെ കുടുംബങ്ങളെ അടുത്ത ആഴ്ച നേരിട്ട് സന്ദർശിക്കും. ഇൻഷുറൻസ് ക്ലെയിമുകൾ പരമാവധി വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.
നാദിർ അൽ അവാദി, ഹമദ് എൻ.എം.അൽബദ്ദ, ഇബ്രാഹീം എം.അൽ ബദ്ദ, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ് (ജി.ഐ.ജി) ബഹ്റൈൻ ജനറൽ മാനേജർ അബ്ദുല്ല അൽഖുലൈഫി എന്നിവർ സംസാരിച്ചു. എൻ.ബി.ടി.സി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ് ലൈഫ് ഇൻഷുറൻസ്. എൻ.ബി.ടി.സിയുടെ കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും പ്രത്യേക ഇൻഷുറൻസ് പരിരക്ഷ കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 12നാണ് എന്.ബി.ടി.സി ജീവനക്കാർ താമസിച്ചിരുന്ന മൻഗഫിലെ ഫ്ലാറ്റിൽ തീപടർന്നത്. ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു. മൂന്ന് ഫിലിപ്പീൻസ് തൊഴിലാളികൾ ഒഴികെ മരിച്ചവരെല്ലാം ഇന്ത്യക്കാരാണ്. നിരവധി പേര്ക്ക് സാരമായി പരിക്കേൽക്കുകയും ഉണ്ടായി.
തൊഴിലാളികൾ ഉറങ്ങുന്നതിനിടെ പുലർച്ചെയായിരുന്നു തീപിടിത്തം. ഉറക്കത്തിനിടെയുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൽനിന്ന് രക്ഷപ്പെടാൻ ചില തൊഴിലാളികൾ ആറ് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയുമുണ്ടായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

