മംഗഫ് തീപിടിത്തം; നിയമലംഘനങ്ങൾ പരിഹരിച്ചതായി മുനിസിപ്പാലിറ്റി
text_fieldsമംഗഫിലെ തീപിടിത്തം (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിലെ നിയമലംഘനങ്ങൾ പരിഹരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പൽ കൗൺസിൽ അംഗം ഖാലിദ് അൽ ദാഗറിന്റെ ചോദ്യത്തിന് മറുപടിയായാണ് അധികൃതർ ഇത് വ്യക്തമാക്കിയത്. മുനിസിപ്പാലിറ്റിയുടെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് കെട്ടിടത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. നേരത്തെ റിപ്പോർട്ട് ചെയ്ത നിയമ ലംഘനങ്ങൾ കെട്ടിട ഉടമ ഇതിനകം പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി.
അപകടം സംഭവിച്ചതിനെ തുടർന്ന് അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. സമിതിയുടെ ശുപാർശകളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് അധികൃതർ വിശദീകരണം നൽകിയത്. 2024 ജൂൺ 12ന് നടന്ന അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. എൻ.ബി.ടി.സി കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന 196 ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.
സുരക്ഷ ഗാർഡിന്റെ മുറിയിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. തീ പടരാൻ സഹായകരമാകുന്ന വസ്തുക്കൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. മുകളിലേക്കുള്ള വാതിൽ അടച്ചിരുന്നതിനാൽ ആളുകൾക്ക് മേൽക്കൂരയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അപകടത്തെ തുടർന്ന് കെട്ടിട ഉടമയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

