മൻഗഫ് തീപിടിത്തം; നടുക്കുന്ന ഓർമകൾക്ക് ഒരു വർഷം
text_fieldsഅപകടം നടന്ന ഫ്ലാറ്റ്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിൽ വൻദുരന്തങ്ങളിലൊന്നായി രേഖപ്പെടുത്തിയ മൻഗഫ് തീപിടിത്തത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ ജൂൺ 12നാണ് മൻഗഫ് ബ്ലോക് നാലിലെ 23ാം സ്ട്രീറ്റിൽ എന്.ബി.ടി.സി ജീവനക്കാർ താമസിച്ചിരുന്ന മൻഗഫിലെ ഫ്ലാറ്റിൽ തീപടർന്നത്. പുലർച്ചെ ഉറക്കത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ആറു നിലകെട്ടിടത്തിൽ താമസിച്ചിരുന്നവർ പുറത്തുകടക്കാനാകാതെ ദുരന്തത്തിനിരയാകുകയായിരുന്നു.താഴെത്തെ നിലയിലുണ്ടായ തീ പിടിത്തം നിമിഷങ്ങൾകൊണ്ട് കെട്ടിടത്തെ ആകമാനം പുകയിൽ മൂടി. അപകടത്തിൽനിന്ന് രക്ഷപ്പെടാൻ ചില തൊഴിലാളികൾ ആറ് നില കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടി. ഗോവണി ഇറങ്ങി ഓടാൻ ശ്രമിച്ചവർ പാതിവഴിയിൽ കുഴഞ്ഞുവീണു. പുക ശ്വസിച്ചാണ് മിക്കവരും മരിച്ചത്.
ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചത്. മൂന്ന് ഫിലിപ്പീൻസ് തൊഴിലാളികൾ ഒഴികെ മരിച്ചവരെല്ലാം ഇന്ത്യക്കാരായിരുന്നു. നിരവധി പേര്ക്ക് സാരമായി പരിക്കേൽക്കുകയുമുണ്ടായി. കഠിനമായ ചൂട് സമയമായതുകൊണ്ട് സൈറ്റുകളിൽ ജോലി ചെയ്യുന്നവർ പുലർച്ചെ രണ്ടു മണിക്കുമുമ്പേ ജോലിക്കു പോയതുകാരണം കുറേ പേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. മറ്റുള്ളവർ നല്ല ഉറക്കത്തിലായിരുന്നു.എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെയാണ് പലരും മരണത്തിന് കീഴടങ്ങിയത്. ഉറക്കത്തിനിടെ വന്നുമൂടിയ തീയും പുകയും അവരുടെ നിറമുള്ള സ്വപ്നങ്ങളെയാണ് കെടുത്തിയത്. ചെറിയൊരു തീ നാളം അഗ്നിഗോളമായി വളർന്ന് കെട്ടിടത്തെ മൂടിയപ്പോൾ ജീവിതത്തിലേക്ക് കൺതുറക്കാനാകാതെ തിരിച്ചുപോയവർ.
കുവൈത്ത് സർക്കാറും ഇന്ത്യൻ സർക്കാറും അടിയന്തരമായി ഇടപെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയും ഉറപ്പുവരുത്തി. ദുരന്തത്തിന് പിറകെ നിരവധി സന്നദ്ധസംഘടനകളും സഹായവുമായെത്തി.മരിച്ചവർക്ക് കുവൈത്ത് ആശ്വാസ ധനം നൽകി. മരണപ്പെട്ട 49 ജീവനക്കാരുടെ കുടുംബത്തിന് എൻ.ബി.ടി.സി കഴിഞ്ഞമാസം ഇൻഷ്വറൻസ് തുക കൈമാറിയിരുന്നു. ദുരന്തത്തിന് ഒരാണ്ട് തികയവെ ഒരുമിച്ച് കഴിഞ്ഞിരുന്ന സുഹൃത്തുക്കളുടെ വേർപാടിന്റെ വേദനയിലാണ് രക്ഷപ്പെട്ട തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

