ക്ഷയരോഗികൾക്ക് നിർബന്ധിത എച്ച്.ഐ.വി പരിശോധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ക്ഷയരോഗികൾക്ക് നിർബന്ധിത എച്ച്.ഐ.വി പരിശോധന ഏർപ്പെടുത്താൻ തീരുമാനം. പൊതുജനാരോഗ്യം നിലനിർത്താനും ഭാവിതലമുറയെ അണുബാധയിൽനിന്ന് സംരക്ഷിക്കാനും വേണ്ടിയാണ് നടപടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ആണ് രാജ്യത്തെ ക്ഷയരോഗബാധിതർ നിർബന്ധമായും എച്ച്.ഐ.വി പരിശോധനക്ക് വിധേയമാകണമെന്ന നിർദേശത്തിന് അംഗീകാരം നൽകിയത്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും എച്ച്.ഐ.വി പരിശോധനക്കുള്ള സൗകര്യം ഏർപ്പെടുത്താനും അദ്ദേഹം നിർദേശം നൽകി. ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും ശേഖരിക്കുന്ന സാമ്പിളുകൾ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലബോറട്ടറികളിലാണ് പരിശോധന നടത്തേണ്ടത്. രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക, പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും പ്രാരംഭഘട്ടത്തിൽ കണ്ടെത്തുക, ഭാവിതലമുറയെയും സമൂഹത്തെയും ഈ രോഗങ്ങളുമായി ബന്ധപ്പെട്ട അണുബാധകളിൽനിന്നും തുടർന്നുണ്ടാകുന്ന സങ്കീർണതകളിൽനിന്നും സംരക്ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
അതിനിടെ രാജ്യത്തെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് മന്ത്രിസഭയെ അറിയിച്ചു.
നിലവിൽ കോവിഡ് സാഹചര്യം നിയന്ത്രിത അവസ്ഥയിലാണെന്നും വിവിധ രാജ്യങ്ങളിൽ കേസുകളിൽ ഉണ്ടാകുന്ന വർധന നിരീക്ഷിച്ചുവരുകയാണെന്നും കഴിഞ്ഞ ദിവസം ചേർന്ന അസാധാരണ മന്ത്രിസഭ യോഗത്തിൽ അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

