മനാമ അറബ് ഉച്ചകോടി: പ്രധാനമന്ത്രി പങ്കെടുക്കും
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ചേരുന്ന 33ാമത് അറബ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കുവൈത്തിന്റെ പ്രതിനിധി സംഘത്തെ നയിക്കും. ഇതിനായി വ്യാഴാഴ്ച ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം പ്രധാനമന്ത്രി ബഹ്റൈനിലേക്ക് തിരിക്കും. പ്രാദേശിക സഹകരണത്തിനും നയതന്ത്രത്തിനും കുവൈത്തിന്റെ പ്രതിബദ്ധത ഉച്ചകോടിയിൽ വ്യക്തമാക്കും. അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുക എന്ന ലക്ഷ്യത്തോടെയാണ് അറബ് ഉച്ചകോടി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധ്യക്ഷത വഹിക്കും. എല്ലാ അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ പങ്കെടുക്കും.
ഉച്ചകോടിയുടെ മുന്നൊരുക്ക മന്ത്രിതല യോഗത്തോടനുബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രാദേശിക, ആഗോള സംഭവങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി. മൊറോക്കൻ വിദേശകാര്യമന്ത്രി നാസർ ബൗറിറ്റയുമായും സൊമാലിയൻ വിദേശകാര്യമന്ത്രി അഹ്മദ് മൊഅല്ലിം ഫിഖിയുമായും അബ്ദുല്ല അൽ യഹ്യ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

