ഇന്ത്യൻ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മൈദാൻ ഹവല്ലിയിൽ ഇന്ത്യൻ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി നടത്തിയ ഇടപെടലിലാണ് പ്രതി പിടിയിലായത്.
പിടികൂടിയ പ്രതിയും ഇന്ത്യൻ സ്വദേശിയാണ്. കഴിഞ്ഞ ദിവസമാണ് മൈദാൻ ഹവല്ലി പ്രദേശത്ത് അതിദാരുണമായ കൊലപാതകം നടന്നത്. സംഭവത്തെക്കുറിച്ച് ഓപറേഷൻസ് റൂമിന് അടിയന്തര വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി സംഭവസ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പ്രതി കത്തി ഉപയോഗിച്ച് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.
ആഴത്തിലുള്ള മുറിവ് കാരണം സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ കണ്ടെത്താനും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാനും സാധിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

