വാടക നൽകാനും ഭക്ഷണത്തിനും പണമില്ലാതെ മലയാളി പ്രവാസി; പ്രതിസന്ധികളുടെ ആഴത്തിൽ ഈ ജീവിതം...
text_fieldsമാത്യു വർഗീസ്
കുവൈത്ത് സിറ്റി: പ്രതിസന്ധികളുടെ ആഴത്തിൽ വീണുഴറി ഒരു മലയാളീ പ്രവാസി കുടുംബം. ഒന്നിനു പിറകെ ഒന്നായി എത്തിയ തിരിച്ചടികളിൽ മുന്നോട്ടുപോകാനാകാതെ നാലുപേരടങ്ങുന്ന കുടുംബം ഒരു ഫ്ലാറ്റിന്റെ അകത്തളങ്ങളിൽ കുരുങ്ങിയിട്ട് വർഷങ്ങൾ.
ജോലിയും വരുമാനവും നിലച്ച് കടം പെരുകിയ കുടുംബം സുഹൃത്തുക്കളുടെ ദയയിൽ ലഭിക്കുന്ന ഭക്ഷണംകൊണ്ടാണ് ജീവൻ നിലനിർത്തുന്നത്. വർഷങ്ങളായി വാടക മുടങ്ങിയതിനാൽ അധികൃതർ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാതിലിനു പുറത്ത് നോട്ടീസ് പതിച്ചിട്ടുണ്ട്. ഏതു നിമിഷവും വീട്ടിൽനിന്ന് പുറത്താക്കപ്പെടാം.
ജയിലിൽ അടക്കപ്പെടാം. പണം കണ്ടെത്താൻ ഒരു മാർഗവുമില്ല. ആർക്കും ജോലിയില്ല, നിയമപ്രശ്നം കാരണം നാട്ടിലേക്ക് പോകാനുമാകില്ല. കൊല്ലം പത്തനാപുരം സ്വദേശി മാത്യു വർഗീസാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ നിസ്സഹായതയുടെ ആഴങ്ങളിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. സൽവ ബ്ലോക്ക് -1ലെ പഴയൊരു ഫ്ലാറ്റിൽ ഈ 73കാരനും രോഗിയായ ഭാര്യയും രണ്ടു മക്കളും പേടിയോടെയാണ് കഴിച്ചുകൂട്ടുന്നത്.
എപ്പോഴും പൊലീസ് എത്താം, തങ്ങളെ ജയിലിലിടാം എന്ന ഉത്കണ്ഠയിലാണ് ഇവരുടെ ജീവിതം.
ജീവിത ഉയർച്ചയും താഴ്ചയും
ഗൾഫിൽ ഉയർന്ന ജോലിയും സാമൂഹിക ചുറ്റുപാടുകളുമുള്ള അവസ്ഥയിൽനിന്ന് നിസ്സഹായാവസഥയുടെ ആഴങ്ങളിലേക്ക് വീണുപോയ ആളാണ് മാത്യു വർഗീസ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം കഴിഞ്ഞ് സൗദി അറേബ്യയിലെത്തിയ 1978ലാണ് മാത്യു വർഗീസിന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. സൗദി അരാംകോ കമ്പനിയിലായിരുന്നു തുടക്കം. പിന്നീട് വർഷങ്ങൾ സ്വകാര്യ കമ്പനികളിലും ജോലിചെയ്തു. ഡോക്ടറായ ഭാര്യക്കും സൗദിയിൽ ജോലി ലഭിച്ചതോടെ സന്തോഷകരമായി ജീവിതം മുന്നോട്ടുപോയി. ഇതിനിടെ സൗദിയിൽ ടെക്സ്റ്റൈൽസ്-ടൈലറിങ് കമ്പനി തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി ബംഗളൂരുവിലുണ്ടായിരുന്ന ഭൂമി വിറ്റു. ഏഴു സ്റ്റാഫുകളുമായി തുടങ്ങിയ കമ്പനി പക്ഷേ വലിയ നഷ്ടത്തിൽ കലാശിച്ചു. ഇതിനിടെ ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടു. കടം കുന്നുകൂടി. അതോടെ, സൗദി വിട്ട് നാട്ടിൽ പോകാൻ മാത്യു വർഗീസും കുടുംബവും തീരുമാനിച്ചു. സൗദിയിൽ മൂത്തമകൻ 11ാം ക്ലാസിലും രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും പഠിക്കുന്ന സമയമായിരുന്നു അത്.
2004ൽ സൗദിയിൽനിന്ന് നാട്ടിലെത്തിയ മാത്യു വർഗീസ് 2005ൽ അൽഗാനിം കമ്പനിയിൽ പ്രൊജക്ട് മാനേജരായി കുവൈത്തിലെത്തി. മക്കളെ 12, 6 ക്ലാസുകളിലായി അമേരിക്കൽ ഇന്റർനാഷനൽ സ്കൂളിൽ ചേർത്തു. ജീവിതം പിന്നെയും ശരിയായ വഴിയിൽ ഓടിത്തുടങ്ങവെ, ഭാര്യ അപ്രതീക്ഷിതമായി കാൻസറിന്റെ പിടിയിൽ വീണു. വീട്ടുവാടകയും സ്കൂൾ ഫീസും ഭാര്യയുടെ ചികിത്സയുമൊക്കെയായി സാമ്പത്തിക പ്രയാസങ്ങൾ ഞെരുക്കിത്തുടങ്ങി. ലോണെടുത്ത് മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാരിച്ച ഫീസ് താങ്ങാനാകാതെ മക്കൾ പഠനം നിർത്തി. മൂന്നുവർഷം മാത്രമേ മാത്യു വർഗീസിന് ആദ്യ കമ്പനിയിൽ ജോലി ഉണ്ടായുള്ളൂ. പിന്നീട് മറ്റൊരു കമ്പനിയിൽ ചേർന്ന് ഏതാനും വർഷങ്ങൾ ജോലിനോക്കിയെങ്കിലും 60 വയസ്സിലെത്തിയതോടെ ഒഴിയേണ്ടിവന്നു. ജീവിതം വലിയൊരു ശൂന്യതയിലേക്ക് പ്രവേശിച്ചു. 13 വർഷമായി പല ജോലികൾ നോക്കിയെങ്കിലും ഒന്നും ശരിയായില്ല.
മുന്നിൽ ശൂന്യത മാത്രം..
വീട്ടുവാടക കൂടിക്കൂടി വന്നു. 12, 6 ക്ലാസുകളിൽ പഠനം അവസാനിപ്പിച്ച മക്കൾക്കിപ്പോൾ 36, 30 വയസ്സായി. ഒരു ജോലിയും ഇല്ലാതെ അവർ വീട്ടിൽ ഇരിക്കുന്നു. മക്കളുടെ വിസ കാലാവധി കഴിഞ്ഞിട്ട് ഏറെയായി. അത് പുതുക്കാനും പണം വേണം. ഭാര്യയുടെ ചികിത്സക്കും പണം വേണം. നിത്യച്ചെലവുകൾ കഴിഞ്ഞുപോണം. ചില ബിസിനസ് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ശരിയാകുന്നേയില്ല. മാത്യു വർഗീസിന് ഒരിക്കൽ അറ്റാക്ക് വന്നു മടങ്ങിപ്പോയതാണ്. ഇപ്പോൾ കടുത്ത പ്രമേഹത്തിന്റെ പ്രശ്നങ്ങളുമുണ്ട്. നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ നാട്ടിൽ പോകാനുമാകില്ല. എന്തുചെയ്യണമെന്നറിയാതെ ദിനങ്ങൾ വന്നുപോകുന്നു, ചുറ്റുമുള്ള കുരുക്കുകൾ അനുദിനം മുറുകിവരുന്നു. വാതിലിനുപുറത്തുള്ള ഓരോ ആളനക്കങ്ങളും പൊലീസാകുമോ ജയിലിലാകുമോ എന്ന് പേടിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നുവെന്ന് മാത്യു വർഗീസ് പറയുന്നു. അടച്ചിട്ട വീട്ടുവാതിൽ നന്മയുടെ കരം കൊണ്ട് ആരെങ്കിലും തുറന്ന് അകത്തുവരുമെന്നും അവർ ആശ്വാസത്തിന്റെ കൈനീട്ടുമെന്നതും മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.