മലബാർ യാത്രക്കാരുടെ ദുരിതം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും അടച്ചിട്ടതിനാൽ കുവൈത്തിലെ യാത്രക്കാർക്ക് സൗദി വഴി കേരളത്തിലേക്ക് കൂടുതൽ വിമാന സർവിസുകൾ വേണമെന്ന ആവശ്യം ഉയരുന്നു. നിലവിൽ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സൗദി വഴി ജസീറ എയർവേയ്സ് സർവീസ് നടന്നുന്നുണ്ട്.
സൗദിയിലെ ഖൈസുമ,ദമ്മാം വിമാനത്താവളം വഴിയാണ് ഈ സർവീസ്. കുവൈത്തിൽ നിന്ന് സൗദി വിമാനത്താളത്തിലേക്കുള്ള റോഡ് യാത്ര, വിമാന ടിക്കറ്റ്, സൗദി ട്രാൻസിറ്റ് വിസ എന്നിവ എന്നിവ അടക്കം പ്രവാസികൾക്ക് ഇതിനായി വലിയ തുക ചിലവു വരുന്നുണ്ട്. കൂടുതൽ വിമാനങ്ങൾ വന്നാൽ യാത്രാ നിരക്ക് കുറയുകയും പ്രവാസികൾക്ക് ഗുണകരമാകുകയും ചെയ്യും.
കുവൈത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സൗദി വഴി പുനരാരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിർത്തിവെച്ച എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവിസ് മാർച്ചു മുതൽ പുനരാരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. പിന്നീട് വിമാനം പൂർണമായും റദ്ദാക്കുകയായിരുന്നു.
ജസീറ എയർവേയ്സ് കോഴികോട്, കണ്ണൂർ സർവിസുകൾ ഇല്ലാത്തത് മലബാർ യാത്രക്കാർക്കും വലിയ തിരിച്ചടിയാണ്. സൗദിയിലേക്ക് ദീർഘനേരം റോഡ് യാത്ര, അതുകഴിഞ്ഞ് വിമാന യാത്ര, കൊച്ചിയിൽ ഇറങ്ങി മലബാർ ജില്ലകളിലേക്ക് പിന്നെയും യാത്ര എന്നിവ ഈ മേഖലയിലെ പ്രവാസികളുടെ യാത്ര ദുരിതപൂർണമാക്കുന്നുണ്ട്.
ഉയർന്ന ടിക്കറ്റ് നിരക്കും വിമാനസീറ്റുകളുടെ ലഭ്യതകുറവും കാരണം കുവൈത്തിലെ വിവിധ സംഘടനകൾ ചാർട്ടർ വിമാനങ്ങൾ ഒരുക്കിയാണ് പ്രതിസന്ധിയെ മറികടക്കുന്നത്.
ഇൻഫോക്,യു.എൻ.എ എന്നിവ കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി 200ഓളം ആരോഗ്യ പ്രവർത്തകരെയും കുടുംബങ്ങളെയും കുവൈത്തിൽ എത്തിച്ചിരുന്നു. പ്രവാസിവെൽഫെയർ കുവൈത്ത് ഏപ്രിൽ ആദ്യവാരം കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പ്രത്യേക വിമാനം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

