വരൂ, നമുക്കീ കുഞ്ഞുങ്ങളുടെ കൈപിടിക്കാം...
text_fieldsകുവൈത്ത് സിറ്റി: മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന കേരളത്തിലെ ‘ലവ് ഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ്’ കുവൈത്തിലെ സമാന മനസ്കരുടെ പിന്തുണ തേടുന്നു. സ്ഥാപനത്തിന്റെ അതിജീവനത്തിനായി സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ മലയിൽ മൂസക്കോയ പ്രസിഡന്റായി കുവൈത്ത് ചാപ്റ്റർ രൂപീകരിച്ചിട്ടുണ്ട്. കൂട്ടായ്മ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ യോഗം ചേരും.
കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് പന്നിക്കോടാണ് എം.എം.ഫൗണ്ടേഷന്റെ കീഴിൽ 2001 ൽ സ്ഥാപനം ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ ഒതായി, കൊണ്ടോട്ടി, വാഴക്കാട്, വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലും പിന്നീട് കേന്ദ്രം ആരംഭിച്ചു. ഇവിടെയെല്ലാമായി 600 കുരുന്നുകളെയാണ് സ്ഥാപനം പരിപാലിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് കൗൺസിലിങ്ങും വൈദ്യസഹായവും മറ്റു പരിശീലനവും കേന്ദ്രങ്ങളിൽ നൽകി വരുന്നു. വീട്ടിൽനിന്ന് രാവിലെ കുട്ടികളെ വാഹനത്തിൽ സ്ഥാപനത്തിലെത്തിക്കുകയും വൈകുന്നേരം തിരികെ വിടുകയും ചെയ്യുന്നു. യാത്ര ചെയ്യാൻ സാധിക്കാത്ത കുട്ടികളെ പരിചരിക്കാനായി ഹോംകെയർ യൂനിറ്റും പ്രവർത്തിക്കുന്നുണ്ട്. പന്നിക്കോട് ഉച്ചക്കാവിൽ യു.മുഹമ്മദ് ഹാജിയാണ് ലവ് ഷോറിന്റെ സ്ഥാപകൻ. മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുമായി സഹായത്തിനെത്തിയ മാതാവിന്റെ കണ്ണുനീരാണ് സ്ഥാപനം തുടങ്ങാൻ പ്രേരണ. തളർവാതം പിടിപെട്ട ഭർത്താവും കുഞ്ഞുമായി കഷ്ടപ്പെടുകയായിരുന്നു ആ സ്ത്രീ. ജോലിക്കുപോകാൻ സന്നദ്ധയാണെങ്കിലും കുഞ്ഞിനെ നോക്കേണ്ടതിനാൽ കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിനെ പകൽ സമയത്ത് നോക്കാൻ സ്വന്തം വീട്ടിൽ മുഹമ്മദ് ഹാജി സൗകര്യമൊരുക്കി. ഇത് കേട്ടറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കൾ എത്തി. അങ്ങനെ അവർക്കായി സ്വന്തം വീട് വിട്ടുകൊടുത്തു. ഹാജി സുമനസ്സുകളുടെ സഹായത്തോടെ സ്ഥാപനം മുന്നോട്ടുകൊണ്ടുപോയി. പിന്നീട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഉപദേശപ്രകാരം ട്രസ്റ്റ് രൂപവത്കരിച്ച് പ്രവർത്തനം നിയമാനുസൃതമാക്കി. സർക്കാറിൽനിന്നു ലഭിക്കുന്ന പരിമിതമായ ഗ്രാന്റും സുമനസ്സുകളൂടെ സഹായവുമായി മുന്നോട്ടുപോയി. പിന്നീട് രക്ഷിതാക്കളുടെ അഭ്യർഥന പ്രകാരം മലപ്പുറത്തും വയനാട്ടിലും കേന്ദ്രങ്ങൾ തുടങ്ങി.
ഇന്ന് അതിജീവനത്തിനായി പ്രയാസപ്പെടുകയാണ് സ്ഥാപനം. തുടർന്നാണ് കുവൈത്തിൽ കൂട്ടായ്മ രൂപവത്കരിച്ചത്. യു. മുഹമ്മദ് ഹാജിയുടെ മകൻ യു.എ. മുനീറാണ് ഇപ്പോൾ ലവ് ഷോർ ജനറൽ സെക്രട്ടറി. യു.അബ്ദുല്ല ഫാറൂഖിയാണ് ചെയർമാൻ. യു.എ.മുനീർ, ട്രഷററായ അസീസ് കോറോം വയനാട് എന്നിവർ സ്ഥാപനത്തിന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ട് കുവൈത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

