ഒരു കന്നിവോട്ടിന്റെ കഥ...
text_fieldsയൗവനാരംഭത്തിന്റെ ആവേശകാലത്ത് ഒരു പാർട്ടി എന്ന കക്ഷി രാഷ്ട്രീയത്തിൽ കുരുങ്ങിക്കിടക്കാതെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ കടുത്ത രീതിയിൽ വിമർശിക്കുന്നതായിരുന്നു എന്റെ രീതി. എല്ലാ പാർട്ടികളുടെയും ജനദ്രോഹപരമായ നിലപാടുകളോട് വിയോജിപ്പ് രേഖപ്പെടുത്തി വരുകയും ചെയ്തിരുന്ന ഒരു കാലം. പാർട്ടികളോടുള്ള വിയോജിപ്പ് വോട്ട് ചെയ്തിട്ടെന്ത് എന്ന നിലപാടിലും എന്നെ എത്തിച്ചിരുന്നു. ആ ഇടക്കാണ് തെരഞ്ഞെടുപ്പ് വരുന്നത്. കന്നി വോട്ട് ചെയ്യേണ്ട എന്നു തീരുമാനിച്ച എന്നിൽ പൊടുന്നനെ മാറ്റം വരുത്തുന്ന ഒന്ന് അന്നുണ്ടായി.
ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചു തുടങ്ങിയ വോട്ടെടുപ്പായിരുന്നു അത്. വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ച എന്നിൽ ഓട്ടോമാറ്റിക് വോട്ടിങ് മെഷീന്റെ പ്രവർത്തനം എങ്ങനെയാകും എന്നറിയാൻ കൗതുകം ഉദിച്ചു. അങ്ങനെ വൈകീട്ട് നാലു മണിയാകാൻ നേരം പോളിങ് ബൂത്തിലെത്തി. വ്യക്തമായ രാഷ്ട്രീയ പക്ഷം ഇല്ലാത്തതിനാൽ തൽക്കാലം വോട്ട് അസാധു ആക്കാം എന്നുകരുതിയാണ് പോയത്.
പോളിങ് ബൂത്തിനു പുറത്ത് എല്ലാ പാർട്ടിക്കാരുടെയും പ്രവർത്തകർ നിൽപ്പുണ്ട്. എല്ലാവരും സുഹൃത്തുക്കളും നാട്ടുകാരുമാണ്. എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്ന എന്നോട് പലരും രഹസ്യമായി അവരവരുടെ ചിഹ്നങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നുണ്ട്. എല്ലാവരോടും ചിരിച്ചുകൊണ്ട് ഞാൻ ബൂത്തിലേക്ക് നടന്നു. ഐ.ഡി വേരിഫിക്കേഷൻ കഴിഞ്ഞു വോട്ടിങ് മെഷീന്റെ അടുത്തെത്തി. പലതരം ചിഹ്നങ്ങൾ, എല്ലാ ചിഹ്നങ്ങളുടെയും പ്രതിനിധികൾ സുഹൃത്തുക്കൾ. ആരെയും ഒഴിവാക്കാനുമാകില്ല. ആ സമയം എന്നിലെ ‘അരാഷ്രടീയവാദി’ ഉണർന്നു. പിന്നെ വോട്ടിങ് മെഷീനിൽ നാല് ബട്ടണിലും ഒരുമിച്ചു നാലു വിരൽ വെച്ചു കണ്ണുമടച്ച് ഒറ്റ അമർത്തലായിരുന്നു. ബീപ് ശബ്ദം കേട്ടു കണ്ണുതുറന്നു മെഷീനിലേക്കു നോക്കി. ആദ്യം വിരൽ അമർന്ന ചിഹ്നത്തിൽ ലൈറ്റ് കത്തി നിൽക്കുന്നു.
എന്റെ വോട്ട് കിട്ടിയ ആ സ്ഥാനാർഥി ആരെന്ന് അറിയാൻ നോക്കിയപ്പോൾ ഞെട്ടിപ്പോയി. വോട്ട് വീണത് ഒരു പ്രമുഖ പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥി ചിഹ്നത്തിന്. ഒരിക്കലും താൽപര്യമില്ലാത്ത ആ ‘ഡമ്മി’ക്ക് വോട്ട് ചെയ്തതിലുള്ള കുറ്റബോധവുമായാണ് ബൂത്തിൽ നിന്ന് ഇറങ്ങിയത്. പുറത്ത് സുഹൃത്തുക്കൾ പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ തല അപ്പോൾ വീണ്ടും താണു. ഫലം വന്നപ്പോൾ കൗതുകത്തിന് ‘ഡമ്മി’ക്ക് കിട്ടിയ വോട്ടുകൾ നോക്കി, എന്റെ ബൂത്തിൽ നിന്ന് ആകെ ഒന്ന്. ഇത് ആരു ചെയ്തു, എങ്ങനെ വന്നു തുടങ്ങിയ ചർച്ചകൾക്കു പ്രവർത്തകർക്കിടയിൽ അത് വഴിവെച്ചു. എനിക്ക് പറ്റിയ കൈപ്പിഴ ആരോടെങ്കിലും പറയാൻ കഴിയുമോ? കാലം പിന്നീട് എന്നിൽ കൃത്യമായ രാഷ്രടീയ ബോധം രൂപപ്പെടുത്തുകയും ആ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇന്ന് ഓർത്തു ചിരിക്കാൻ അപ്പോഴും ആ കന്നി വോട്ടിന്റെ കഥ ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

