സ്വദേശിവത്കരണം: സർക്കാർ–സ്വകാര്യ മേഖലകളിൽ വിദേശികൾ കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് സിവിൽ സർവിസ് കമീഷൻ വ്യക്തമാക്കി. കുവൈത്ത് ന്യൂസ് ഏജൻസിയുമായുള്ള അഭിമുഖത്തിൽ കമീഷൻ മേധാവി അഹ്മദ് അൽ ജസ്സാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ മേഖലയിൽ പിൻവാതിൽ വഴി നടക്കുന്ന വിദേശി നിയമനം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ വെളിപ്പെടുത്തൽ. പൊതുമേഖലയിലെ മുഴുവൻ വകുപ്പുകളിലും കുവൈത്തികൾക്ക് മാത്രം നിയമനം നൽകാനാണ് തീരുമാനം.
ഏതെങ്കിലും തസ്തികകളിൽ കരാറടിസ്ഥാനത്തിൽ വിദേശികളെ നിയമിക്കേണ്ടതുണ്ടെങ്കിൽ വേണ്ടത്ര പഠനം നടത്തി യോഗ്യരായ കുവൈത്തികളില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും അഹ്മദ് അൽ ജസ്സാർ പറഞ്ഞു. സ്വദേശിവത്കരണം ശക്തമാക്കാൻ തീരുമാനിച്ച 2014 മുതൽ ഇരു മേഖലകളിലും വിദേശികളുടെ എണ്ണം ഗണ്യമായ രീതിയിൽ കുറയുന്നുണ്ട്. നിലവിൽ സർക്കാർ മേഖലയിൽ 78,739ഉം സ്വകാര്യ മേഖലയിൽ 14,98,976ഉം വിദേശികളാണ് ജോലി ചെയ്യുന്നത്. 44 ശതമാനവുമായി ആരോഗ്യ മന്ത്രാലയത്തിലാണ് കൂടുതൽ വിദേശികളുള്ളത്. 40 ശതമാനം വിദ്യാഭ്യാസ മന്ത്രാലയത്തിലും ജോലി ചെയ്യന്നു.
ബാക്കി 16 ശതമാനവും സർക്കാറിെൻറ മറ്റ് വകുപ്പുകളിലാണുള്ളത്. 2014ൽ 13,559 സ്വദേശികളെ സർക്കാർ വകുപ്പുകളിൽ നിയമിച്ചപ്പോൾ ഇതേ വർഷം 4478 വിദേശികൾക്ക് മാത്രമാണ് നിയമനം നൽകിയത്. ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് 22 വരെ 11,516 സ്വദേശികളെ നിയമിച്ചപ്പോൾ വെറും 790 വിദേശികളെ മാത്രമാണ് സർക്കാർ മേഖലയിൽ നിയമിച്ചത്.
2017ൽ നടന്ന വിദേശി നിയമനത്തിെൻറ തോത് വെറും ആറു ശതമാനം മാത്രമാണെന്നാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ട് വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടുമെന്ന് അഹ്മദ് അൽ ജസ്സാർ സൂചിപ്പിച്ചു. 2015ൽ 17,000 കുവൈത്തികൾക്ക് സർക്കാർ മേഖലയിൽ നിയമനം നൽകിയപ്പോൾ ഇതേ വർഷം 5693 വിദേശികളെയാണ് നിയമിച്ചത്. 2016ൽ ഈ മേഖലയിൽ നിയമിക്കപ്പെട്ട വിദേശികളുടെ എണ്ണം 3486 ആയി വീണ്ടും കുറഞ്ഞു. ഇതേ വർഷം 18,963 സ്വദേശികളെ നിയമിച്ചപ്പോഴാണ് വിദേശികളുടെ എണ്ണത്തിൽ ഈ കുറവുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
