'മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ ജീവിക്കൽ പ്രവാചക മാതൃക'
text_fieldsഐ.സി.എഫ് ഇന്റർനാഷനൽ മീലാദ് കാമ്പയിൻ കുവൈത്ത് സിറ്റി സെൻട്രൽ തല പ്രഖ്യാപനസംഗമം ജനറൽ സെക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.എഫ് കുവൈത്ത് നാഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര പറഞ്ഞു. തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയവുമായി ഐ.സി.എഫ് ഇന്റർ നാഷൻ തലത്തിൽ നടത്തുന്ന മീലാദ് കാമ്പയിൻ കുവൈത്ത് സിറ്റി സെൻട്രൽ തല പ്രഖ്യാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുതെന്നു മാത്രമല്ല അതിന് ശല്യമാകുന്ന തടസ്സങ്ങൾ നീക്കൽ ധർമമാണെന്ന പാഠമാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്. അന്യന്റെ അഭിമാനത്തിന് ഒരിക്കലും ക്ഷതമേൽപ്പിക്കരുത്. തെറ്റുകാരനാണെങ്കിൽപോലും പൊതുജനമധ്യത്തിൽ അപമാനിക്കരുത്. പ്രവാചക ജീവിതത്തിൽ ആരെയെങ്കിലും അപമാനിക്കുകയോ ശല്യം ചെയ്യുകയോ ചെയ്തതായി കാണാൻ സാധ്യമല്ല. ഈ മാതൃകയാണ് നാം പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എഫ് കുവൈത്ത് സിറ്റി സെൻട്രൽ പ്രസിഡന്റ് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി മീലാദ് സന്ദേശം നൽകി. മീലാദ് സമ്മേളനങ്ങൾ, ജനസമ്പർക്കം, ലഘുലേഖ വിതരണം, മൗലിദ് സദസ്സുകൾ, സ്നേഹവിരുന്ന്, ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. സെൻട്രൽ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

