ഓണ്‍ലൈന്‍ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് പരിധി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഓണ്‍ലൈന്‍ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ പരിധി നിശ്ചയിക്കാന്‍ ഒരുങ്ങുന്നു. ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ ഉപയോഗിച്ച് ഉപഭോക്താവിന് നടത്താവുന്ന പ്രതിദിന, പ്രതിമാസ ഇടപാടുകളുടെ പരിധി നിശ്ചയിക്കാൻ, കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകളോട് നിർദേശിച്ചതായി പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ഓൺലൈൻ പേമെന്റുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം.
അയക്കുന്ന ആളുടെയും നൽകുന്നയാളുടെയും പൂര്‍ണ വിവരങ്ങള്‍ ലിങ്കില്‍ ചേര്‍ക്കണം. പേമെന്റ് ലിങ്കിന്റെ സാധുത 24 മണിക്കൂറിൽ കൂടരുതെന്നും ബാങ്കുകള്‍ക്ക് സെൻട്രൽ ബാങ്ക് നിർദേശം നല്കി. പബ്ലിക് ഹോട്സ്പോട്ടുകൾവഴി ബാങ്ക് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നും സംശയാസ്പദമായ അഭ്യർഥനകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

