ആഘോഷ നാളുകൾ; ദേശീയദിനം ആഘോഷിച്ചു, ഇന്ന് വിമോചനദിനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ 64ാമത് ദേശീയദിനം സമുചിതമായി ആഘോഷിച്ച് കുവൈത്ത്. ആഹ്ലാദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ തെരുവുകൾ നിറഞ്ഞ ജനക്കൂട്ടം മാതൃരാജ്യത്തിന്റെ കൊടിയടയാളങ്ങൾ വീശി ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടു.
ചൊവ്വാഴ്ച രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങൾ നടന്നു. കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. ഗൾഫ് സ്ട്രീറ്റും അതിലേക്കുള്ള വഴികളും ദേശീയ പതാകകളുടെ സാന്നിധ്യങ്ങളാൽ നിറഞ്ഞു. കെട്ടിടങ്ങളിലും വീടുകളിലും വാഹനങ്ങളിലും ദേശീയ പതാക പാറിപ്പറന്നു.
ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു.
വിവിധ മാളുകളും ഷോപ്പിങ് സെന്ററുകളും ദേശീയ ദിനത്തിന്റെ ഭാഗമായി. ദേശീയ പതാകയുമായി കൊച്ചുകുട്ടികളും റോഡുകളും തെരുവുകളും കൈയടക്കി. പരസ്പരം അഭിവാദ്യംചെയ്തും ആലിംഗനം ചെയ്തും ഏവരും സന്തോഷം പങ്കിട്ടു.
ദേശസ്നേഹം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ എല്ലായിടങ്ങളിലും സംഘടിപ്പിക്കുകയുണ്ടായി.
പ്രവാസി സമൂഹവും ആഘോഷത്തിന്റെ ഭാഗമായി. ബുധനാഴ്ച രാജ്യം വിമോചന ദിനം ആഘോഷിക്കും. ഇറാഖ് അധിനിവേശത്തിൽനിന്ന് കുവൈത്ത് മോചിതമായതിന്റെ വാർഷിക ദിനം. ഈ ദിവസവും അവിസ്മരണീയമായ ആഘോഷങ്ങളാൽ കുവൈത്ത് കൊണ്ടാടും.
സംഗമ കേന്ദ്രമായി കുവൈത്ത് ടവർ
കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനായി ടൂറിസം എന്റർപ്രൈസസ് കമ്പനി കുവൈത്ത് ടവറുകൾക്ക് സമീപം വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
46 ചെറുകിട പ്രോജക്ടുകളും 44 റെസ്റ്റോറന്റുകളും കഫേകളും ഉള്ള ഒരു മാർക്കറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കാണികൾക്ക് വിവിധ പരിപാടികൾക്കൊപ്പം ഇവ ആസ്വദിക്കാം. ഫെബ്രുവരി 27 വരെ പരിപാടികൾ തുടരും.
കരുത്ത് വിളിച്ചോതി സൈനിക പ്രദർശനം
കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിനാഘോഷമായി ഒരുക്കിയ സൈനിക പ്രദർശനം ശ്രദ്ധേയമായി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്, പ്രതിരോധ മന്ത്രി അബ്ദുല്ല അലി അസ്സബാഹ്, ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി എന്നിവർ പങ്കെടുത്തു.
സൈനിക പ്രദർശനം വീക്ഷിക്കുന്ന പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മ്ദ് അസ്സബാഹ്
ടൂറിസ്റ്റ് എന്റർപ്രൈസസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ സൈനിക സ്ഥാപനങ്ങളുടെ ശക്തി പ്രകടിപ്പിക്കലും പ്രദർശനം ലക്ഷ്യമാണ്.
കുവൈത്ത് ടവറിൽ ആകാശ പ്രദർശനം
കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിനാഘോഷമായി സംഘടിപ്പിക്കുന്ന സുരക്ഷ സൈനിക പ്രദർശനത്തിന്റെ ഭാഗമായി കുവൈത്ത് ആർമി വ്യോമസേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെലികോപ്ടർ യൂനിറ്റും കുവൈത്ത് ടവറിൽ ആകാശ പ്രദർശനം സംഘടിപ്പിച്ചു.
ദേശീയ പതാകയുമായി കുവൈത്ത് ടവറിന് സമീപം ആകാശത്തെ വലംവെച്ച വ്യോമ വിമാനങ്ങളും ഹെലികോപ്റ്ററുകളും കാണികളെ ആകർഷിച്ചു. ദേശീയ പതാകയുടെ നിറങ്ങൾ ആകാശത്ത് വിതറിയാണ് പ്രദർശനം അവസാനിപ്പിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്കും കുവൈത്ത് ടവറിൽ എയർ ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

