ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ അമീറിന് സൗദി, ഇറാഖ് രാജ്യങ്ങളുടെ കത്ത്
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ഇറാഖ്
അംബാസഡർ അൽ മൊൻഹാൽ അൽ സാഫിയിൽനിന്ന് സന്ദേശം സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യങ്ങൾക്കിടയിലെ സൗഹൃദം സൂചിപ്പിച്ചും വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്താനും, ക്ഷേമാന്വേഷണങ്ങൾ അറിയിച്ചും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സൗദി, ഇറാഖ് നേതൃത്വത്തിന്റെ കത്ത്.
കുവൈത്തും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ചരിത്രപരമായ സൗഹൃദത്തെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് കത്തിൽ സൂചിപ്പിച്ചു. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് രാജകുമാരൻ സന്ദേശം കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് ഇറാഖ് പ്രസിഡന്റ് അബ്ദുലത്തീഫ് റാഷിദിൽനിന്നുള്ള കൈകൊണ്ട് എഴുതിയ കത്തും അമീറിന് ലഭിച്ചു.
കുവൈത്തിലെ ഇറാഖ് അംബാസഡർ അൽ മൊൻഹാൽ അൽ സാഫി കത്ത് കൈമാറി. കിരീടാവകാശിയുടെ ദിവാൻ ചീഫ് ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, കിരീടാവകാശിയുടെ ഒാഫിസ് ഡയറക്ടർ ജമാൽ അൽ തിയാബ്, കിരീടാവകാശിയുടെ വിദേശകാര്യ സെക്രട്ടറി മസെൻ അൽ ഈസ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

