ബന്ധങ്ങളെ പരിപാലിക്കാം
text_fieldsഒരാൾ മുഹമ്മദ് നബിയോട് ചോദിച്ചു- എനിക്ക് ബന്ധുക്കൾ ഉണ്ട്. ഞാൻ അവരുമായി ബന്ധം പുലർത്തുന്നു, അവർ അത് വിച്ഛേദിക്കുന്നു. ഞാൻ അവർക്കു നന്മ ചെയ്യുന്നു; അവർ എനിക്കു ദോഷം ചെയ്യുന്നു. ഞാൻ അവരോട് വിവേകത്തോടെ പെരുമാറുന്നു; അവർ എന്നോട് അവിവേകമായി പെരുമാറുന്നു”.
നബി മറുപടി നൽകി: “താങ്കൾ പറഞ്ഞതു പോലെയാണ് കാര്യങ്ങളെങ്കിൽ, അത് അവരെ ചൂടുചാരം തീറ്റുന്നതുപോലെയാണ്. താങ്കൾ ഈ നിലപാടിൽ തുടരുന്നിടത്തോളം അല്ലാഹുവിന്റെ സഹായം താങ്കൾക്കൊപ്പമുണ്ടാകും”.
ബന്ധങ്ങളെ സംരക്ഷിക്കുന്നതിന് ഖുർആനിക ദർശനം വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. നന്മക്ക് പകരം നന്മ നൽകുന്നത് സാധാരണ മനുഷ്യന്റെ സ്വഭാവമാണ്. എന്നാൽ ദോഷം ചെയ്യുന്നവരോട് നന്മയിൽ വർത്തിക്കുന്നത് വിശ്വാസത്തിന്റെ ഉന്നതമായ അവസ്ഥയാണ്. പരസ്പര ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവ ശരിയാക്കിയെടുക്കാനുള്ള പരമാവധി ശ്രമം വിശ്വാസിയുടെ ഭാഗത്ത്നിന്ന് ഉണ്ടാവേണ്ടതുണ്ട്.
അവിവേകികളോട് വിവേകത്തോടെ പ്രതികരിക്കാൻ കഴിയുന്നത് വിവേകശാലികളുടെ അടയാളമാണ്. ബന്ധം മുറിക്കുന്നവരോട് ബന്ധം ചേർക്കുന്നതും, ഉപദ്രവിക്കുന്നവരെ തിരിച്ച് ഉപദ്രവിക്കാതിരിക്കുന്നതും അതുപോലെതന്നെ. വിശിഷിച്ചും കുടുംബ ബന്ധങ്ങളിൽ. പ്രത്യുപകാരവും നന്മകളും ചെയ്യുകയാണെങ്കിലോ, അത് വളരെ ഉയർന്ന നിലവാരത്തിലുള്ള നന്മയായി പരിഗണിക്കപ്പെടുന്നു. ഏറ്റവും നല്ലതുകൊണ്ട് പ്രതികരിക്കുമ്പോൾ ചില സന്ദർഭങ്ങളിൽ ശത്രു മിത്രമായി മാറും. ഇത്തരം നിലപാട് സ്വീകരിക്കുന്നത് അത്ര ലളിതമായ കാര്യമല്ല. എന്നാൽ, ഉയർന്ന ചിന്തയും ക്ഷമാശീലവും ഉള്ളവർക്ക് അത് എളുപ്പത്തിൽ സാധിക്കുന്നു. റമദാൻ ആത്മപരിശോധനയുടെ മാസമാണ്. ബന്ധങ്ങൾ ചേർക്കുന്നതിലെ മര്യാദകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

