ക്ഷമയും സഹനവും പഠിക്കാം
text_fieldsക്ഷമയും സഹനവും ദൗർബല്യത്തിന്റെ അടയാളങ്ങളല്ല; അവ ആന്തരിക ശക്തിയുടെ ഉയർന്ന പ്രകടനങ്ങളാണ്. ജനങ്ങളുടെ കൂടെ ജീവിക്കുമ്പോൾ അവരിൽനിന്ന് സ്വാഭാവികമായി ഉണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ ക്ഷമയും സഹനവും കൈക്കൊള്ളുന്നവൻ ഉത്തമ മനുഷ്യനാകുന്നു എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. സാമൂഹിക ജീവിതം ആരോഗ്യകരമായി മുന്നോട്ട് പോകാൻ സഹായിക്കുന്ന മഹത്തായ മൂല്യങ്ങളാണ് അവ.
സാമൂഹിക ജീവിതത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും ക്ഷമയും സഹനവും ആവശ്യമാണ്. ദൈവ ധിക്കാരിയാകാതെ ജീവിക്കാനും, സൽകർമങ്ങളിൽ നൈരന്തര്യം കാത്തുസൂക്ഷിക്കാനും, ജീവിതത്തിൽ വന്നുപോകുന്ന പരീക്ഷണങ്ങളിൽ തളർന്നു പോകാതിരിക്കാനും ഈ മൂല്യങ്ങൾ മനുഷ്യനെ സഹായിക്കുന്നു. അലസതയിൽനിന്ന് മുക്തമായ, തകർക്കാനാവാത്ത ആത്മബലമുള്ള, ഉയർന്ന സ്വഭാവവും പെരുമാറ്റ രീതികളും നിറഞ്ഞ ജീവിതം നയിക്കാൻ ക്ഷമയും സഹനവും ആവശ്യമാണ്.
റമദാൻ ക്ഷമയുടെയും സഹനത്തിന്റെയും മാസമാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. നോമ്പ് ഭക്ഷണവും പാനീയവും ഒഴിവാക്കുന്നതിലുപരി, ആഗ്രഹങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കാൻ പഠിപ്പിക്കുന്നു. ശരീരത്തിന് മാത്രമല്ല, മനസ്സിനും അവയവങ്ങൾക്കും നോമ്പുണ്ടാകണം എന്ന് പറയുന്നത് അതുകൊണ്ടാണ്.
ജീവിതത്തിൽ ആഘാതങ്ങളുണ്ടാകുമ്പോൾ സഹിക്കാനും ക്ഷമിക്കാനും കഴിയുന്നത് ഉയർന്ന വ്യക്തിത്വത്തിന്റെ അടയാളമാണ്. സമയം കടന്നുപോകുമ്പോൾ മനസ്സ് ശാന്തമാകുന്നത് സ്വാഭാവികമാണ്. പക്ഷേ പരീക്ഷണം നേരിടുന്ന ആദ്യ ഘട്ടത്തിൽ തന്നെ ധൈര്യവും സംയമനവും പാലിക്കാൻ നല്ല സഹനശേഷിയും ക്ഷമാ ശീലവും ഉള്ളവർക്കേ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

