ചൂടിനെ നേരിടാം; ജാഗ്രതയും മുന്‍കരുതലും വഴി
text_fieldsലോകത്ത് കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയാണ് ഗൾഫ് രാജ്യങ്ങൾ. അന്തരീക്ഷതാപം 40 കടന്നതോടെ ഗൾഫ് മേഖല ചുട്ടുപൊള്ളുകയാണ്. മേഖലയിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നത് രാജ്യത്താണ്. കഴിഞ്ഞയാഴ്ച 2022ലെ കൂടിയ ചൂടായ 53.2 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തു.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവും. ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. അതിനാൽ ചൂട് കൂടിയ സമയങ്ങളിൽ നേരിട്ട് അത് ശരീരത്തിൽ ഏൽക്കാതെ ശ്രദ്ധിക്കണം. ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ളവർ ഉടനടി ചികിത്സ തേടണം. വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന്റെ നിറം കടുംമഞ്ഞനിറം ആവുക, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സതേടണം.
ചൂടു കൊണ്ട് അസ്വസ്ഥത അനുഭവപ്പെടുന്നവർ ഉടൻ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുക. തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടക്കുക. ഫാൻ, എ.സി. അല്ലെങ്കിൽ വിശറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. വെള്ളവും ഫലങ്ങളും സാലഡുകളും കഴിക്കുക.
വാഹനങ്ങളിലും വേണം കരുതൽ
ചൂടുകൂടിയ സാഹചര്യത്തിൽ വാഹനങ്ങളിൽ നിലവാരമുള്ള അഗ്നിശമന ഉപകരണങ്ങൾ കരുതണം. തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്.
ടയറുകളിൽ കൃത്യമായ അളവിൽ കാറ്റു നിറക്കുകയും കാലാവധി കഴിഞ്ഞവ മാറ്റുകയും വേണം. വാഹനങ്ങളിൽ അമിതഭാരം കയറ്റരുത്. വെയിലത്ത് പാർക്കുചെയ്യുന്ന വാഹനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കരുത്. കാറിൽ സഞ്ചരിക്കുമ്പോഴും വെള്ളം കുടി കുറക്കരുത്. 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തുന്നതിനാൽ കാറിൽ ഒരു ദിവസത്തിലേറെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കാതിരിക്കുക.
കടുത്ത ചൂടിൽ പ്ലാസ്റ്റിക് ഉരുകി വെള്ളത്തെ ബാധിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
ചൂട്: മരണനിരക്ക് 15 ശതമാനം വർധിച്ചേക്കുമെന്ന് പഠനം
കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് മൂലമുള്ള മരണനിരക്ക് 15 ശതമാനം വർധിച്ചേക്കുമെന്ന് പഠനം. കുവൈത്ത് സർവകലാശാലയിലെ പഠനമനുസരിച്ചാണ് ഇത്. കുവൈത്ത് ഇതര കുടിയേറ്റ തൊഴിലാളികളുടെ ചൂടുമായി ബന്ധപ്പെട്ട മരണനിരക്ക് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏകദേശം 15 ശതമാനം വർധിക്കുമെന്നാണ് പഠനം. നൂറ്റാണ്ടിന്റെ അവസാനത്തോടെ 100ൽ 14 മരണങ്ങളും ചൂട് മൂലമാകാമെന്നും കോളജ് ഓഫ് പബ്ലിക് ഹെൽത്തിലെ പരിസ്ഥിതി, തൊഴിൽ ആരോഗ്യ വകുപ്പിൽ നിന്ന് ബറാക് അൽ അഹമ്മദ് തയാറാക്കിയ പരിസ്ഥിതി ഗവേഷണ പഠനത്തിൽ പറയുന്നു. പഠനമനുസരിച്ച്, 2000-2009 ലെ അടിസ്ഥാനരേഖയെ അപേക്ഷിച്ച് നൂറ്റാണ്ടിന്റെ മധ്യത്തോടെ, കുവൈത്തിലെ ശരാശരി താപനില 1.80 ഡിഗ്രി സെൽഷ്യസ് മുതൽ 2.57 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം ചൂടുമായി ബന്ധപ്പെട്ട മരണനിരക്ക് ഗണ്യമായി വർധിപ്പിച്ചേക്കാം- പഠനം മുന്നറിയിപ്പ് നൽകുന്നു. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ്, യു.എസ് എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി, ഹാർവാഡ് ചാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയൺമെന്റൽ ഹെൽത്ത് സയൻസസ്, സെന്റർ ഫോർ എൻവയൺമെന്റൽ ഹെൽത്ത് എന്നിവയുടെ പിന്തുണയോടെയായിരുന്നു പഠനം.
പ്രതിരോധ മാർഗങ്ങൾ
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തിവസ്ത്രങ്ങൾ ധരിക്കുക. പുറത്തേക്കിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പുറംവാതിൽ ജോലിയിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

