നിയമസഭ തെരഞ്ഞെടുപ്പ്: പ്രവാസി വിഷയങ്ങൾ ചർച്ചയാകുന്നില്ല
text_fieldsകുവൈത്ത് സിറ്റി: പ്രവാസി സമൂഹം ചരിത്രത്തിലില്ലാത്ത ദുരിതങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോകുേമ്പാഴും പ്രവാസി വിഷയങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ അർഹമായ രീതിയിൽ ചർച്ചയാകുന്നില്ല.
വിശ്വാസവും വിവാദങ്ങളും കിറ്റും രംഗം കൈയടക്കിയപ്പോൾ പ്രവാസി കളത്തിനു പുറത്തായി. വോട്ടുവിമാനങ്ങളും സ്വന്തംനിലക്ക് നാട്ടിലെത്തി വോട്ടുചെയ്യുന്ന സാഹചര്യവും ഇല്ലാതായത് അവഗണനക്ക് ആക്കംകൂട്ടി.
സംഘടിത വോട്ടുബാങ്കായി രൂപപ്പെടാത്തതുകൊണ്ട് തങ്ങളുടെ പ്രശ്നങ്ങൾ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്താൻ പ്രവാസികൾക്ക് ആവുന്നില്ല.മുൻകാലങ്ങളിൽ വിമാനടിക്കറ്റ് നിരക്കും മറ്റുമായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ അക്ഷരാർഥത്തിൽ നിലനിൽപ് ഭീഷണിയിലാണ്.തൊഴിൽ നഷ്ടപ്പെട്ട് പതിനായിരങ്ങളാണ് ഗൾഫിൽനിന്ന് നാടണഞ്ഞത്. ഗൾഫിലുള്ളവർക്കും തൊഴിൽനഷ്ട ഭീഷണിയുണ്ട്.
സ്വന്തം സംരംഭങ്ങളുള്ളവർ വരവും ചെലവും ഒത്തുപോകാതെ കഷ്ടത്തിലാണ്. തിരിച്ചെത്തിയാൽ എന്ത് എന്ന ചോദ്യത്തിനു മുന്നിൽ അവർ പകച്ചുപോകുന്നു. മുന്നണികളുടെ പ്രകടനപത്രികയിൽ പ്രവാസി പുനരധിവാസവും തൊഴിൽ നൈപുണ്യ വികസനവും ഇടംപിടിച്ചിട്ടുണ്ടെങ്കിലും പ്രചാരണ രംഗത്ത് ഇവ ചർച്ചയാകുന്നില്ല. ദീർഘകാലമായി പ്രഖ്യാപനങ്ങൾ കേട്ടുമടുത്ത പ്രവാസികൾക്ക് ഇനി വേണ്ടത് പ്രഖ്യാപനങ്ങളല്ല, നടപടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

