കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഹോട്ട്ലൈൻ സഹായവുമായി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്. ഇതുമായി ബന്ധപ്പെട്ട് യു.എസ്- മിഡിൽ ഇൗസ്റ്റ് പാർട്ണർഷിപ് ഇനീഷ്യേറ്റീവും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സും ധാരണപത്രത്തിൽ ഒപ്പിട്ടു.
ഗാർഹികത്തൊഴിലാളികൾക്കും സ്വകാര്യ കമ്പനി തൊഴിലാളികൾക്കും നിയമസഹായം ലഭിക്കും. 22215150 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ അഞ്ചു ഭാഷകളിൽ നിയമോപദേശം നൽകും. കോടതിയെ സമീപിക്കണമെങ്കിൽ സൗജന്യമായി അഭിഭാഷകനെ ഏർപ്പെടുത്തിക്കൊടുക്കും.
ഇംഗ്ലീഷ്, അറബിക്, ഫിലിപ്പീനോ, ഹിന്ദി, ഉർദു എന്നീ ഭാഷകളിലാണ് ചോദിച്ചറിയാൻ കഴിയുക. കുവൈത്തിലെ ഏറ്റവും വലിയ വിദേശിസമൂഹങ്ങൾ ഇന്ത്യക്കാരും ഇൗജിപ്തുകാരും ഫിലിപ്പീനികളും ബംഗ്ലാദേശികളുമാണ്. ഇവർക്കുവേണ്ടിയാണ് അഞ്ചു ഭാഷകളിൽ സൗകര്യമൊരുക്കിയത്. സൊസൈറ്റിയുടെ വെബ്സൈറ്റ് വഴിയും നിയമസഹായം തേടാമെന്ന് ചെയർമാൻ ഖാലിദ് അൽ ഹമീദി പറഞ്ഞു.
16 മാസത്തെ കരാറാണ് യു.എസ്-മിഡിൽ ഇൗസ്റ്റ് പാർട്ണർഷിപ് ഇനീഷ്യേറ്റീവുമായുള്ളത്. സൈക്കളോജിക്കൽ, സോഷ്യൽ കൗൺസലിങ്ങിനായി വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ജനറൽ ഹുസൈൻ അൽ ഉതൈബി പറഞ്ഞു.