ലബനാൻ പ്രസിഡന്റ് കുവൈത്തിലെത്തി; കുവൈത്ത്- ലബനാൻ ബന്ധത്തിന് കൂടുതൽ ദൃഢത
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ലബനാൻ പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും ലബനാനും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ദൃഢത നൽകി ലബനാൻ പ്രസിഡന്റ് ജോസഫ് ഔനിന്റെ കുവൈത്ത് സന്ദർശനം.
ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ലബനാൻ പ്രസിഡന്റും പ്രതിനിധി സംഘവും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി.
കുവൈത്തും ലബനാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ലബനാൻ പ്രസിഡന്റ് ജോസഫ് ഔനും നേതൃത്വം നൽകി.
ഇരുരാജ്യങ്ങളും തമ്മിൽ സാധ്യമായ എല്ലാ മേഖലകളിലും ബന്ധങ്ങൾ തുടരാനും അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് പറഞ്ഞു.
ലബനാനിലെ സമീപകാല സംഭവവികാസങ്ങളും വിലയിരുത്തി. പരസ്പര ആശങ്കയുള്ള മറ്റു പ്രധാന വിഷയങ്ങൾ, അറബ് സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ എന്നിവയും ചർച്ച ചെയ്തു.
ലബനാൻ പ്രസിഡന്റ് ജോസഫ് ഔനിനും സംഘത്തിനും ആദരസൂചകമായി അമീര്‍ ബയാന്‍ പാലസില്‍ ഉച്ചഭക്ഷണ വിരുന്നും സംഘടിപ്പിച്ചു.
വിദേശകാര്യ മന്ത്രി യൂസഫ് രാജ്ജി, ലബനാനിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും കുവൈത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

