സി.ബി.എസ്.ഇ മേഖലയിൽ പുതുകുതിപ്പിന് അടിത്തറയിട്ട് ലീഡേഴ്സ് കോൺക്ലേവ്
text_fieldsഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന സി.ബി.എസ്.ഇ കോൺക്ലേവിൽ ഡോ. രാം ശങ്കർ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ഐ.സി.എസ്.കെ) ആതിഥേയത്വം വഹിച്ച ലീഡേഴ്സ് കോൺക്ലേവ്. വിദ്യാഭ്യാസ മേഖലയിലെ സഹകരണവും മുന്നേറ്റവും ലക്ഷ്യമിട്ട് കുവൈത്തിലെ 24 സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും മാനേജ്മെന്റ് പ്രതിനിധികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന കോൺക്ലേവിൽ ദുബൈ സി.ബി.എസ്.ഇ റീജിയണൽ ഓഫിസ് ആൻഡ് സെന്റർ ഓഫ് എക്സലൻസ് ഡയറക്ടർ ഡോ. രാം ശങ്കർ മുഖ്യാതിഥിയായി. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ബൈജുനാഥ് പ്രസാദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഐ.സി.എസ്.കെ ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ശൈഖ് അബ്ദുൽ റഹിമാൻ, ഓണററി സെക്രട്ടറി അസ്ഹറുദ്ദീൻ ആമർ മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുവൈത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ സ്പോൺസർമാരും, പ്രിൻസിപ്പൽമാരും, മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായി. ചടങ്ങിൽ ഐ.സി.എസ്.കെ സീനിയർ അഡ്മിനിസ്ട്രേറ്ററും പ്രിൻസിപ്പലുമായ ഡോ. വി. ബിനുമോൻ സ്വാഗതം പറഞ്ഞു. നവംബർ നാല്, അഞ്ച് തിയതികളിൽ ദുബൈയിൽ നടക്കുന്ന ആദ്യത്തെ സി.ബി.എസ്.ഇ ഇന്റർനാഷനൽ കോൺഫറൻസിനെക്കുറിച്ച് അറിയിക്കുകയാണ് കോൺക്ലേവിന്റെ പ്രധാന അജണ്ടയെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂല്യനിർണയം, അഫിലിയേഷൻ തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ദുബൈയിൽ സി.ബി.എസ്.ഇ റീജിയണൽ ഓഫിസ് സ്ഥാപിച്ചതായി ഡോ. രാം ശങ്കർ അറിയിച്ചു. അധ്യാപകരുടെ നൈപുണ്യം വർധിപ്പിക്കുന്നതിന് ഇൻ-സർവീസ് ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാമുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ. രാം ശങ്കറിന് സ്നേഹസൂചകമായി മൊമന്റോ സമ്മാനിച്ചു. ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി പ്രിൻസിപ്പൽ ആശ ശർമ്മ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

