നിയമം കർശനമാക്കി; ട്രാഫിക് നിയമലംഘനങ്ങളിൽ കുറവ്
text_fieldsകുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കിയതോടെ നിയമലംഘനങ്ങളിൽ വലിയ രൂപത്തിലുള്ള കുറവ്. റൗണ്ട് എബൗട്ടുകൾ, ട്രാഫിക് ലൈറ്റുകൾ, പ്രധാന കവലകൾ എന്നിവിടങ്ങളിലെ നിയമലംഘനങ്ങളിൽ അഭൂതപൂർവമായ കുറവ് വന്നതായി ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ഫീൽഡ് പരിശോധന, ട്രാഫിക് ഉദ്യോഗസ്ഥരുടെ വ്യാപകമായ വിന്യാസം എന്നിവ ഇതിനുകാരണമായതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ ഒറ്റ ദിവസം 823 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജനുവരി അഞ്ചിന് വെറും 45 ആണ് രേഖപ്പെടുത്തിയത്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ഡ്രൈവർമാരുടെ ഗണ്യമായ പുരോഗതി ഇത് എടുത്തുകാണിക്കുന്നു.
ട്രാഫിക് ലൈറ്റുകളിലും റൗണ്ട് എബൗട്ടുകളിലും വാഹനങ്ങൾ നിയമവിരുദ്ധമായി മറികടക്കുന്നത് ഏറ്റവും അപകടകരവും ഗതാഗത അപകടങ്ങൾക്കും തിരക്കിനും പ്രധാന കാരണവുമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ജാഗ്രതയും പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. റോഡ് അച്ചടക്കം വർധിപ്പിക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും പരിശോധന തുടരുകയാണെന്നും സൂചിപ്പിച്ചു.
ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നതും മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം പെരുമാറ്റങ്ങൾ തടയുന്നതിന് കനത്ത പിഴകൾ നിശ്ചയിച്ചിട്ടുണ്ട്.
ഇതിനൊപ്പം വാഹനം കണ്ടുകെട്ടാനും ഉദ്യോഗസഥർക്ക് അനുമതിയുണ്ട്. ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായാൽ പ്രതികളെ ബന്ധപ്പെട്ട ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യും. അതേസമയം, പുതുവർഷത്തിന്റെ തുടക്കത്തിൽ ജനറൽ ട്രാഫിക് വകുപ്പ് നടത്തിയ പരിശോധനയിൽ അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയുൾപ്പെടെ ഗുരുതരമായ നിയമലംഘനങ്ങൾക്ക് 60 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 19,000 ട്രാഫിക് ക്വട്ടേഷനുകൾ പുറപ്പെടുവിക്കുകയും 254 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. റെസിഡൻസി നിയമലംഘനത്തിന് 11 പേരെ അറസ്റ്റ് ചെയ്തു. നാല് പേരെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു. 242 പരിക്കുകൾ ഉൾപ്പെടെ 1302 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

