'ഗ്ലിംപ്സസ് ഓഫ് ടൈംലെസ് ഇന്ത്യ' കലാപ്രദർശനത്തിന് തുടക്കം
text_fieldsഇന്ത്യൻ അംബാസഡറുടെ പത്നിയും മലയാളി ചിത്രകാരിയുമായ ജോയ്സ് സിബിയുടെ ‘ഗ്ലിംപ്സസ് ഓഫ് ടൈംലെസ് ഇന്ത്യ’ ആർട്ട് എക്സിബിഷനിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ആർട്സ് അസോസിയേഷനും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആർട്ട് എക്സിബിഷന് കുവൈത്തിലെ ഹവല്ലിയിൽ തുടക്കമായി. 'ഗ്ലിംപ്സസ് ഓഫ് ടൈംലെസ് ഇന്ത്യ' എന്ന തലക്കെട്ടിൽ മലയാളി ചിത്രകാരിയായ ജോയ്സ് സിബിയുടെ പെയിൻറിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്.
പത്തു ദിവസം നീളുന്ന പ്രദർശനത്തിൽ ജോയ്സ് സിബി എണ്ണച്ചായത്തിൽ വരച്ച 40 ചിത്രങ്ങളാണുള്ളത്. കുവൈത്ത് ആർട്സ് അസോസിയേഷൻ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്ട് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ കാമിൽ അബ്ദുൽ ജലീൽ മുഖ്യാതിഥിയായി.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയിൽ നിലനിൽക്കുന്ന സാംസ്കാരിക വൈവിധ്യങ്ങളുടെ അടയാളപ്പെടുത്തലാണ് ചിത്രങ്ങൾ എന്ന് അംബാസഡർ സിബി ജോർജ് പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഇന്ത്യയിലെയും കുവൈത്തിലെയും കലാകാരന്മാർ തമ്മിലുള്ള മികച്ച സഹകരണവും ഇത് കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകളും കുവൈത്ത് ആർട്സ് അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ റസൂൽ സൽമാൻ എടുത്തുപറഞ്ഞു. കുവൈത്തി ചിത്രകാരന്മാർ, നയതന്ത്ര പ്രധിനിധികൾ തുടങ്ങി നിരവധി പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ കലാസാംസ്കാരിക വൈവിധ്യം വിളംബരം ചെയ്യുന്ന വിവിധ കലാരൂപങ്ങൾ ഉദ്ഘാടനച്ചടങ്ങിനു മിഴിവേകി. ഈമാസം 30 വരെ ഹവല്ലി അൽ മുതസിം സ്ട്രീറ്റിലുള്ള കുവൈത്ത് ആർട്സ് അസോസിയേഷൻ ഗാലറിയിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

