മുൻവർഷത്തെ മറികടന്നു; ദേശീയ കാമ്പയിൻ ശേഖരിച്ചത് 742 യൂനിറ്റ് രക്തം
text_fieldsദേശീയ രക്തദാന കാമ്പയിനിൽനിന്ന്
കുവൈത്ത് സിറ്റി: ഈ വർഷത്തെ ദേശീയ രക്തദാന കാമ്പയിനിൽ ശേഖരിച്ചത് 742 യൂനിറ്റ് രക്തം. മുൻവർഷം ശേഖരിച്ച 710 യൂണിറ്റിനിനെ ഇത് മറികടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ വർധിച്ചുവരുന്ന അവബോധത്തിന്റെ സൂചനയാണ് ഈ വർധനയെന്ന് ആരോഗ്യമന്ത്രാലയം രക്തപ്പകർച്ച സേവന വകുപ്പ് വ്യക്തമാക്കി.
ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് രാജ്യത്ത് മൂന്നു ദിവസത്തെ കാമ്പയിൻ സംഘടിപ്പിച്ചത്. കുവൈത്തിലെ വീരമൃത്യു വരിച്ചവരുടെ സ്മരണകളെ ആദരിക്കാനും രക്തദാനവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.
രക്തദാനം രോഗികൾക്ക് ജീവൻ നിലനിർത്താൻ സ്വമേധയാ നൽകുന്ന ഏറ്റവും ശ്രേഷ്ഠമായ മാർഗങ്ങളിലൊന്നാണ്. കാമ്പയിൻ കുവൈത്തിന്റെ രക്തശേഖരത്തെയും അതിന്റെ ഉൽപന്നങ്ങളെയും ശക്തിപ്പെടുത്താൻ സഹായിച്ചുവെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവിസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. റീം അൽ രദ്വാൻ പറഞ്ഞു. കാമ്പയിനിലെ ശക്തമായ പങ്കാളിത്തം രക്തദാനത്തിന്റെ മഹത്വം പൊതുജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവാണ്. ദേശീയ ഐക്യദാർഢ്യത്തിന്റെയും മാനുഷിക പ്രവർത്തനത്തിന്റെയും മനോഭാവത്തെ ഇത് എടുത്തുകാണിക്കുന്നതായും അവർ കൂട്ടിചേർത്തു. ദേശീയ രക്തദാന കാമ്പയിനിന്റെ പത്താം പതിപ്പാണ് ഈ വർഷം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

