സംഗീതനാടക അക്കാദമിയുടെ ഗൾഫ് ചാപ്റ്ററുകൾ പുനഃസംഘടിപ്പിക്കും –കെ.പി.എ.സി ലളിത
text_fieldsഫർവാനിയ: കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് ചാപ്റ്ററുകൾ പുനഃസംഘടിപ്പിക്കുമെന്നും കുവൈത്തിൽ ഉൾപ്പെടെ അക്കാദമി നടത്തിയ നാടക മത്സരത്തിന് തുടർച്ചയുണ്ടാവുമെന്നും അക്കാദമി ചെയർപേഴ്സനും നടിയുമായ കെ.പി.എ.സി ലളിത പറഞ്ഞു.
ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈത്തിെൻറ ഉദ്ഘാടനത്തിനെത്തിയ അവർ ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഒാഡിറ്റോറിയത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അക്കാദമിയുടെ ചുമതല ഏറ്റെടുത്തത് കഴിഞ്ഞ ആഗസ്റ്റിലാണ്. എല്ലാ മാസവും ഒരു പരിപാടിയെങ്കിലും നടത്തുന്നുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ നല്ലരീതിയിലാണ് അക്കാദമി പ്രവർത്തിച്ചത്. ഒട്ടും മോശമാക്കാത്ത പ്രവർത്തനം ഇൗ ഭരണസമിതിയും കാഴ്ചവെക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മൂന്നുവർഷം മുമ്പ് വരെ സജീവമായിരുന്ന സംഗീത നാടക അക്കാദമിയുടെ ഗൾഫ് ചാപ്റ്ററിെൻറ പ്രവർത്തനങ്ങൾ മന്ദീഭവിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് പുനരുജ്ജീവിപ്പിക്കും. ഇതിന് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ല. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപടിയെടുക്കും.
സിനിമയിൽ അംഗീകാരം അർഹതപ്പെട്ടവർക്ക് ലഭിച്ചു തുടങ്ങുന്നതിെൻറ സൂചനയാണ് സുരഭി ലക്ഷ്മിക്കു കിട്ടിയ മികച്ചനടിക്കുള്ള ദേശീയ അവാർഡും വിനായകന് ലഭിച്ച പുരസ്കാരവുമെന്ന് കെ.പി.എ.സി ലളിത അഭിപ്രായപ്പെട്ടു. സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ അമച്വർ നാടക മത്സരത്തിൽ മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. കെ.പി.എ.സി ലളിതയെ കൂടാതെ, ചങ്ങനാശ്ശേരി നഗരസഭ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമ്മേല്‍, അസോസിയേഷന് പ്രസിഡൻറ് സുനില്‍ പി. ആൻറണി, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പൂവേലി, വിനോദ് പണിക്കര്‍, മഞ്ചു നെടികാലപറമ്പില് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
