ലാൽ കെയേഴ്സ് കുവൈത്ത് വീട് നിർമിച്ചുനൽകി
text_fieldsലാൽ കെയേഴ്സ് കുവൈത്തും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നിർമിച്ചുനൽകിയ ‘ശാന്തിഭവനം’ വീടിന്റെ താക്കോൽദാനം നടൻ മോഹൻലാൽ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ലാൽ കെയേഴ്സ് കുവൈത്തും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നിർമിച്ചുനൽകിയ 'ശാന്തിഭവനം' വീടിന്റെ താക്കോൽദാനം നടൻ മോഹൻലാൽ നിർവഹിച്ചു. കൊല്ലം വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസിനും കുടുംബത്തിനുമാണ് വീട് നിർമിച്ചുനൽകിയത്. വിശ്വശാന്തി ഫൗണ്ടേഷൻ വേദിയിൽ നടന്ന ചടങ്ങിൽ നിർമാതാവ് ആൻറണി പെരുമ്പാവൂർ, വിശ്വശാന്തി ഡയറക്ടർ ബോർഡ് മെംബർ സജീവ് സോമൻ, സ്മിത നായർ, ലാൽ കെയേഴ്സ് കുവൈത്ത് പ്രതിനിധികളായ രാജശേഖരൻ നായർ, ജോർളി ജോസ് എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷം മാർച്ച് നാലിന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. നേരത്തെ അടച്ചുറപ്പില്ലാത്ത കൂരയിൽ ഓൺലൈൻ പഠനത്തിനായി താൽക്കാലിക വൈദ്യുതി കണക്ഷനിൽ മൊബൈൽ ചാർജ് ചെയ്തപ്പോൾ ഷോക്കേറ്റ് ജോസ് അനിതാ ദമ്പതികളുടെ മകൾ അജ്ന മരിച്ചിരുന്നു.

