പാർക്കിങ് തലവേദന തീരുന്നില്ല; 47,000 പാർക്കിങ് സ്ഥലങ്ങളുടെ കുറവെന്ന് പഠനറിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 47000ത്തിലധികം പാർക്കിങ് സ്ഥലങ്ങളുടെ കുറവുണ്ടെന്ന് സ്റ്റെറ്റർ കമ്പനിയുമായി സഹകരിച്ച് അയാൻ റിയൽ എസ്റ്റേറ്റ് കമ്പനി തയാറാക്കിയ പഠന റിപ്പോർട്ട്. പാർക്കിങ് പ്രശ്നം പരിഹാരമാകാത്തതോടെ ഗതാഗതക്കുരുക്കും വർധിച്ചിട്ടുണ്ട്.
ഡ്രൈവർമാർ പാർക്കിങ് സ്ഥലം കണ്ടെത്താൻ ശരാശരി പത്ത് മിനിറ്റ് ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
കുവൈത്ത് സിറ്റിയിലെ ശർഖ്, മിർഗബ്, ഖിബ്ല എന്നിവ ഉൾപ്പെടുന്ന മൂന്നു വാണിജ്യ മേഖലകളിലാണ് പഠനം നടത്തിയത്. നഗരത്തില് തിരക്ക് വർധിക്കുന്നതോടെ കാൽനട പാതകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അപകട സാധ്യത കൂട്ടുന്നു. മിർഗബിൽ 24,400 പാർക്കിങ് സ്ലോട്ട് ആവശ്യമുള്ളപ്പോൾ പതിനായിരത്തിൽ താഴെ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ശർഖിൽ 29,500 വാഹനങ്ങൾക്ക് നിർത്താനുള്ള സ്ഥലം ആവശ്യമുള്ളപ്പോൾ ഇൻഡോർ, ഔട്ട് ഡോർ പാർക്കിങ് ചേർത്ത് 7300 സ്ഥലങ്ങൾ മാത്രമാണുള്ളത്.
പ്രശ്നങ്ങൾ പരിഹരിക്കാനായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണങ്ങളും നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി യോജിപ്പിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പൊതു സ്ഥലങ്ങളിൽ ബഹുനില പാർക്കിങ് സമുച്ചയങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ശിപാർശകളും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നുണ്ട്.
റോഡരികിൽ ആളുകൾ വാഹനം നിർത്തിപ്പോകേണ്ടി വരുന്നത് പാർക്കിങ്ങിന് വേറെ സ്ഥലമില്ലാത്തത് കൊണ്ടാണ്. റോഡരികിലെ പാർക്കിങ്ങിനെതിരെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്തത് വേറെ സ്ഥലമില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നതിനാലാണ്. എങ്കിലും പലപ്പോഴും പിഴയടപ്പിക്കുന്നുണ്ട്.
പല റെസിഡൻഷ്യൽ കെട്ടിടങ്ങളുടെയും ബേസ്മെന്റിൽ പാർക്കിങ് സൗകര്യം ഇല്ല. റോഡരികിലും തുറന്ന സ്ഥലങ്ങളിലുമാണ് ആളുകൾ വാഹനം നിർത്തിയിടുന്നത്. റെസിഡൻഷ്യൽ ഏരിയയിലെ രാത്രി പാർക്കിങ്ങാണ് പ്രതിസന്ധി നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

