പള്ളികളിൽ റമദാനിലെ പിരിവിന് കർശന നിബന്ധനകൾ
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ പള്ളികൾ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകൾ നടത്തുന്ന ധനസമാഹരണത്തിന് തൊഴിൽ സാമൂഹിക മന്ത്രാലയം കർശനമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.
മന്ത്രാലയത്തിലെ സാമൂഹികക്ഷേമ അണ്ടർ സെക്രട്ടറി ഡോ. മതർ അൽ മുതൈരിയാണ് നിബന്ധനകൾ പ്രഖ്യാപിച്ചത്. പള്ളികളിൽ പ്രാർഥനക്കെത്തുന്നവരിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ല. ബാങ്ക് അക്കൗണ്ട് വഴിയോ കെ.നെറ്റ് സംവിധാനത്തിലൂടെയോ മാത്രമേ പണം കൈമാറ്റം ചെയ്യാൻ പാടുള്ളൂവെന്നതാണ് പ്രധാന നിബന്ധന. പിരിവിനുള്ള ബക്കറ്റുകളോ മറ്റോ പള്ളികളിൽ സ്ഥാപിക്കരുത്. പണം സ്വരൂപിക്കുന്നതിന് ചുമതലപ്പെട്ട സംഘടനാ പ്രതിനിധികൾ മന്ത്രാലയം നൽകുന്ന പ്രത്യേക കാർഡ് ദേഹത്ത് തൂക്കിയിടണം. പള്ളി ഇമാമിനെ നേരത്തേ രേഖാമൂലം അറിയിക്കണമെന്നതാണ് മറ്റൊരു നിബന്ധന. മുൻകൂട്ടി അറിയിക്കാതെയും ഇമാമിെൻറ അനുമതി തേടാതെയുമുള്ള പണപ്പിരിവ് നിയമലംഘനമായി കണക്കാക്കും.
ധനസമാഹരണത്തിന് എത്തുന്ന പ്രതിനിധികൾ സംഘടനകളെ പരിചയപ്പെടുത്തിയോ മറ്റോ പള്ളിയിൽ സംസാരിക്കാൻ പാടില്ല. നമസ്കാരത്തിലും മറ്റ് ആരാധനയിലും ഏർപ്പെട്ടവർക്ക് പ്രയാസമുണ്ടാവാതിരിക്കാനാണിത്. ഇതിന് പകരം ഏതു സംഘടനയാണെന്നും മന്ത്രാലയത്തിെൻറ അനുമതിയെ സംബന്ധിച്ചുമുള്ള വിവരം പള്ളിയുടെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കണം. നമസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുന്ന നിലയിൽ പള്ളിക്കുള്ളിൽ ബോർഡ് വെക്കാൻ പാടില്ല. അനുമതി സമയം കഴിഞ്ഞുടൻ ബോർഡുകൾ എടുത്ത് മാറ്റുകയും വേണം.
ധനസമാഹരണത്തിന് അനുമതി കരസ്ഥമാക്കിയ സംഘടനകളെ അതിൽനിന്ന് തടയാനോ സ്വന്തം ഇഷ്ടപ്രകാരം മറ്റു സംഘടനകൾക്ക് അനുമതി നൽകാനോ ഇമാമുമാർക്ക് അവകാശമില്ല. ഈ നിബന്ധനകൾ പാലിക്കാൻ ഇമാമുമാരും സന്നദ്ധ സംഘടനകളും ബാധ്യസ്ഥരാണ്. നിബന്ധനകൾ പാലിക്കാത്തവരെ പിടികൂടുന്നതിന് പള്ളികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് മതർ അൽ മുതൈരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
