പാരിസ്ഥിതിക സംരംഭങ്ങൾക്ക് കുവൈത്തിന്റെ പിന്തുണ
text_fieldsമിഡിലീസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റിവ് സമ്മേളനത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഗൾഫ് മേഖലയിലും പ്രാദേശികവും അന്തർദേശീയവുമായി നടപ്പാക്കുന്ന എല്ലാ പ്രമേയങ്ങൾക്കും സംരംഭങ്ങൾക്കും പിന്തുണയും പ്രതിബദ്ധതയും അറിയിച്ച് കുവൈത്ത്. ഈജിപ്തിൽ നടക്കുന്ന മിഡിലീസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റിവ് (എം.ഐ.ജി) സമ്മേളനത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി പങ്കെടുത്ത, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹാണ് രാജ്യത്തിന്റെ പിന്തുണ അറിയിച്ചത്.
പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനും അന്താരാഷ്ട്ര പാരിസ്ഥിതിക ശ്രമങ്ങളെ പിന്തുടരുന്നതുമായ സുസ്ഥിര ജീവിതാന്തരീക്ഷത്തെ അടിസ്ഥാനമാക്കിയുള്ള കുവൈത്തിന്റെ പുതിയ കാഴ്ചപ്പാടിനെ അദ്ദേഹം അവതരിപ്പിച്ചു.
ശുദ്ധമായ ഇന്ധനം, അൽ സൂർ റിഫൈനറി, സൾഫർ കൈകാര്യംചെയ്യാനുള്ള സൗകര്യങ്ങൾ, ദ്രവീകൃത പ്രകൃതി വാതക ലൈൻ എന്നിവയുൾപ്പെടെ പാരിസ്ഥിതിക പദ്ധതികൾ നടപ്പാക്കുന്നതിൽ ഐക്യരാഷ്ട്രസഭയുമായി (യു.എൻ) നല്ല സഹകരണത്തിലാണ് കുവൈത്ത്.
ഐക്യരാഷ്ട്രസഭയുടെ എല്ലാ മാനദണ്ഡങ്ങളും കുവൈത്ത് മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വനവത്കരണം, പ്രകൃതിസംരക്ഷണം, ഇക്കോടൂറിസം എന്നിവയിലൂടെ ഹരിതപ്രദേശങ്ങൾ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് കുവൈത്ത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ കാർബൺ ന്യൂട്രാലിറ്റിയിലേക്ക് എത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

