സപ്തതി നിറവിൽ കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക
text_fieldsകുവൈത്ത് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സപ്തതി ആഘോഷ ലോഗോ പ്രകാശനം ജനറൽ കൺവീനർ മാത്യൂസ് വർഗീസിൽ നിന്ന് ഏറ്റുവാങ്ങി മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സപ്തതി നിറവിൽ. സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ പ്രകാശനം ചെയ്തു.
ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ട്രസ്റ്റി ദീപക്ക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയി, സപ്തതി ആഘോഷ ജനറൽ കൺവീനർ മാത്യൂസ് വർഗീസ്, ജോ. ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവകാംഗമായ സജി ഡാനിയേലാണ് ലോഗോ ഡിസൈൻ ചെയ്തത്.
1957 ജനുവരി 15 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ ഓർത്തഡോക്സ് രീതിയിലുള്ള സന്ധ്യാപ്രാർഥനകൾ ആരംഭിച്ചാണ് ഇടവകയുടെ തുടക്കം. ഭാരതീയ സ്വതന്ത്രസഭയെന്ന നിലയിൽ കുവൈത്തിൽ ആദ്യമായി സ്വന്തമായ ആരാധനകൾക്ക് തുടക്കം കുറിച്ചത് മലങ്കര ഓർത്തഡോക്സ് സഭയാണ്. അതേവർഷം കുവൈത്തിൽ സ്വകാര്യസന്ദർശനത്തിനെത്തിയ റവ. ഫാ. ഇ.പി. ജേക്കബ്, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പിച്ചു.
1962ൽ അന്നത്തെ ബഹ്റൈൻ ഇടവക വികാരി റവ.ഫാ.ജോർജ് കുര്യൻ കുവൈത്ത് സന്ദർശിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു തുടങ്ങിയതോടെ ഇടവകയുടെ പ്രവർത്തനങ്ങൾ വിപുലമായ രീതിയിലേക്ക് മാറി. റവ. ഫാ. സി.വി. ജോണിനെ ഇടവകയുടെ പ്രഥമവികാരിയായി ഔദ്യോഗികമായി നിയമിച്ചതോടെ 120 അംഗങ്ങളുമായി ഇടവകയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിച്ചു. 1994-95 കാലയളവിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിൽ ഇടവക പുനർനാമകരണം ചെയ്യപ്പെട്ടു.
2007 നവംബറിൽ പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ തിരുമേനി 'മഹാ ഇടവക'യായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

