അഞ്ചു ദശലക്ഷം കടന്ന് കുവൈത്തിലെ ജനസംഖ്യ
text_fieldsകുവൈത്ത് സിറ്റി: അഞ്ചു ദശലക്ഷം കടന്ന് കുവൈത്തിലെ ജനസംഖ്യ. 2025 മധ്യത്തോടെ രാജ്യത്തെ ജനങ്ങളുടെ എണ്ണം 5.098 ദശലക്ഷത്തിലെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. മൊത്തം ജനസംഖ്യയിൽ 30 ശതമാനമാണ് കുവൈത്ത് പൗരന്മാർ. ആകെ 1.55 ദശലക്ഷമാണ് പൗരൻമാരുടെ എണ്ണം. ബാക്കി 70 ശതമാനവും 3.547 ദശലക്ഷം പ്രവാസികളാണ്.
പ്രവാസികളിൽ 29 ശതമാനവും ഇന്ത്യക്കാരാണ്. 1.036 ദശലക്ഷം ഇന്ത്യക്കാർ കുവൈത്തിലുണ്ട്. ഇന്ത്യക്കാരിൽ മലയാളികളാണ് മുന്നിൽ. 661,000 പേരുടെ എണ്ണവുമായി ജനസംഖ്യയിൽ 19 ശതമാനമുള്ള ഈജിപ്തുകാരാണ് പ്രവാസികളിൽ രണ്ടാം സ്ഥാനത്ത്.
ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിന് താഴെയുള്ളവരാണ്. 80 ശതമാനവും പേർ 15നും 64നും ഇടയിൽ പ്രായമുള്ളവരാണ്. 65 വയസ്സിന് മുകളിലുള്ളവർ മൂന്നു ശതമാനമാണ്. ഏറ്റവും വലിയ പ്രായപരിധി 35നും 39നും ഇടയിൽ പ്രായമുള്ളവരാണ്. ഇത് ജനസംഖ്യയുടെ 13 ശതമാനമാണ്. മൊത്തം ജനസംഖ്യയുടെ 61 ശതമാനവും പുരുഷന്മാരാണ്. 3.09 ദശലക്ഷം പുരുഷന്മാരും രണ്ടു ദശലക്ഷം സ്ത്രീകളും എന്നതാണ് കണക്ക്.
തൊഴിൽ ശക്തിയിൽ വർധന
രാജ്യത്തെ പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവാസികളുടെ എണ്ണത്തിൽ വർധന. കുടുംബ മേഖല (ഗാർഹിക തൊഴിലാളികളും സമാനമായ ജോലികളും) ഒഴികെയുള്ള മേഖലകളിൽ മൂന്നു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ഈ വർഷം മാർച്ചോടെ തൊഴിലാളികളുടെ എണ്ണം 2.211 ദശലക്ഷത്തിൽ എത്തി. സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) പുറത്തിറക്കിയ 2025ലെ ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 64,403 വ്യക്തികളുടെ വർധനയണിത്. കുവൈത്ത് പൗരന്മാരുടെ എണ്ണത്തിൽ 1.6 ശതമാനം ഇടിവ് വന്ന് ആകെ 450,233 പൗരന്മാരായി കുറഞ്ഞതായും റിപ്പോർട്ട് വെളിപ്പെടുത്തി. തൊഴിൽ വിപണിയിലെ ദേശീയ പങ്കാളിത്ത നിരക്ക് 20.4 ശതമാനമാണ്. കുവൈത്ത് പൗരന്മാർ സർക്കാർ മേഖലയിലാണ് കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ 83.8 ശതമാനവും പൗരൻമാരാണ്. സ്വകാര്യ മേഖലയിൽ കുവൈത്ത് തൊഴിലാളികളിൽ 43.9 ശതമാനത്തിലധികവും മൂന്ന് പ്രധാന വ്യവസായങ്ങളിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക, ഇൻഷുറൻസ് പ്രവർത്തനങ്ങൾ (19.4 ശതമാനം), മൊത്തവ്യാപാര, ചില്ലറ വ്യാപാരം (12.9 ശതമാനം), താമസ, ഭക്ഷ്യ സേവനങ്ങൾ (11.6 ശതമാനം) എന്നിങ്ങനെയാണവ. സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 66.3 ശതമാനം (ഏകദേശം 1.661 ദശലക്ഷം തൊഴിലാളികൾ) പ്രവാസികളാണ്.
കുടുംബ മേഖലയുടെ 29.7 ശതമാനവും പ്രവാസികളാണ്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ ശതമാനം കുറഞ്ഞു. അതേസമയം നേപ്പാളികളുടെയും ചില ആഫ്രിക്കൻ രാജ്യക്കാരുടെയും എണ്ണം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

