കുവൈത്തിൽ ഗംഭീര ഭിന്നശേഷി വിദ്യാലയമൊരുങ്ങുന്നു
text_fieldsവിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബ്തബാഇ
കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ള കുട്ടികൾക്കായി 149 ദശലക്ഷം ദീനാർ ചെലവിൽ അത്യാധുനിക വിദ്യാഭ്യാസ സമുച്ചയം നിർമിക്കാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ധനകാര്യ, പൊതുമരാമത്ത് മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് അൽ-അഖീല പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഉയർന്ന നിലവാരത്തിലുള്ള നിർമാണം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സമുച്ചയത്തിന്റെ പ്രവർത്തനത്തിനുള്ള പദ്ധതി തയാറാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബ്തബാഇ പറഞ്ഞു. വിദഗ്ധ ജീവനക്കാരെയും ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും ഇവിടെ ഉറപ്പാക്കും.
അൽ-അഖീല, ജഹ്റ, ഹവല്ലി എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി മൂന്ന് വിദ്യാഭ്യാസ സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആധുനിക ക്ലാസ്റൂമുകൾ, ലാബുകൾ എന്നിവയുൾപ്പെടെ സമഗ്ര വിദ്യാഭ്യാസ സൗകര്യങ്ങൾ സമുച്ചയത്തിൽ ഉണ്ടാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
കായികവും കലാപരവുമായ വികസനത്തിനുള്ള പദ്ധതികളും പരിപാടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഫിസിയോതെറാപ്പി റൂമുകൾ, നീന്തൽക്കുളങ്ങൾ, മൾട്ടി പർപ്പസ് ജിം തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും ഉണ്ടാകും. പരിശീലന ശിൽപശാലകൾ, ലൈബ്രറികൾ, ആധുനിക വിദ്യാഭ്യാസ ലാബുകൾ, തിയറ്ററുകൾ എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടും.
ഭിന്നശേഷിയുള്ള കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന സമഗ്രമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതിക്ക് പിന്തുണ നൽകുന്ന ധനകാര്യ, പൊതുമരാമത്ത് മന്ത്രാലയങ്ങൾക്ക് നന്ദി അറിയിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

