ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണ പദ്ധതിയുമായി കുവൈത്തിലെ നാമ ചാരിറ്റി
text_fieldsനാമ ചാരിറ്റി പ്രവർത്തകൻ ഭക്ഷണം തയാറാക്കുന്നു
കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണ പദ്ധതിയുമായി കുവൈത്തിലെ നാമ ചാരിറ്റി. ഒരു കുടുംബത്തിൽ ശരാശരി ആറ് അംഗങ്ങൾ എന്ന നിലയിൽ ഗസ്സയിലെ ഏകദേശം 20,118 ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഗസ്സയിലെ ദുഷ്കരമായ മാനുഷിക സാഹചര്യത്തിന്റെയും ഭക്ഷ്യവിതരണത്തിൽ പ്രയാസം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നാമയിലെ വികസന, ദുരിതാശ്വാസ മേഖല മേധാവി ഖാലിദ് അൽ ഷമാരി പറഞ്ഞു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും അസാധാരണമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുമുള്ള നാമയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
ഗസ്സയിലേക്കുള്ള ലോജിസ്റ്റിക്, മാനുഷിക വെല്ലുവിളികൾക്കിടയിലും 3,353 കുടുംബങ്ങളെ പിന്തുണക്കാൻ കഴിഞ്ഞത് സുപ്രധാന നേട്ടമാണ്.
ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഭക്ഷ്യക്ഷാമത്തിന്റെ ആഘാതം കുറക്കാനുമുള്ള അവശ്യവസ്തുക്കൾ ഓരോ ഭക്ഷണ പാഴ്സലിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് മുൻഗണന നൽകി സഹായം ഏറ്റവും ആവശ്യമുള്ളവർക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അൽ ഷമാരി വ്യക്തമാക്കി.
ഭക്ഷ്യസഹായത്തിനൊപ്പം വെള്ളം, വസ്ത്രം, പാർപ്പിടം, കുട്ടികളുടെ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന സംയോജിത മാനുഷിക പദ്ധതി തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ ജനങ്ങൾക്കൊപ്പം നിൽക്കുക എന്നത് ഒരു ധാർമിക കടമയാണെന്നും ഈ സംരംഭങ്ങൾ താൽക്കാലിക സഹായമല്ല. കുവൈത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മാനുഷിക ഐക്യദാർഢ്യത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം അടിവരയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

