നീണ്ടകര കാൻസർ കെയർ സെന്ററിന് സാന്ത്വനം; കുവൈത്തിന്റെ മൊബൈൽ ക്ലിനിക്
text_fieldsസാന്ത്വനം കുവൈത്തിന്റെ മൊബൈൽ ക്ലിനിക് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത് സാമൂഹിക സുരക്ഷ പദ്ധതികളുടെ ഭാഗമായി കൊല്ലം നീണ്ടകര കാൻസർ കെയർ സെന്ററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൊബൈൽ ക്ലിനിക് കൈമാറി. തീരദേശ മേഖലകളിൽ കാൻസർ രോഗികളുടെ എണ്ണം കൂടുതലായ സാഹചര്യത്തിലാണ് 22 ലക്ഷം രൂപയുടെ സാന്ത്വനം സ്പെഷൽ പ്രോജക്ട് പദ്ധതി. സ്ത്രീകളിലെ ബ്രസ്റ്റ് കാൻസർ, ഗർഭാശയ കാൻസർ എന്നിവ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സ്ക്രീനിങ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പരിശോധന-ചികിത്സ സൗകര്യങ്ങൾ മൊബൈൽ ക്ലിനിക്കിലുണ്ട്.
മൊബൈൽ ക്ലിനിക്കിന്റെ താക്കോൽ ആർ.സി.സി മുൻ അഡീഷനൽ ഡയറക്ടർ ഡോ.സജീദിന്, സാന്ത്വനം കുവൈത്ത് പ്രസിഡന്റ്
പി.എൻ. ജ്യോതിദാസ് കൈമാറി. ചവറ എം.എൽ.എ സുജിത്ത് വിജയൻ പിള്ള അധ്യക്ഷവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കൊല്ലം കാൻസർ കെയർ സെന്റർ മുൻ ഓഫിസ് ഇൻ ചാർജ് ഡോ.പി. ജയലക്ഷമി, ഡോ. നാരായണ കുറുപ്പ്, ശ്രീദേവി, ഡോ. പ്രസന്നകുമാർ,
ഡോ. അരുൺ ചെറിയാൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ആനന്ദ്, ഷമിയ നൗഷാദ്, ശിവലാൽ, ജയലക്ഷമി, യമുന എന്നിവരടക്കം സാമൂഹിക, രാഷ്ട്രീയ, ആരോഗ്യ മേഖലകളിലുള്ളവർ പങ്കെടുത്തു.
2014 മുതൽ നീണ്ടകര കാൻസർ കെയർ സെന്ററിലെ രോഗികൾക്കായി പോഷകാഹാര വിതരണം, സാമ്പത്തിക സഹായം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ സാന്ത്വനം കുവൈത്ത് തുടർച്ചയായി നടത്തിയതായി പി.എൻ. ജ്യോതിദാസ് പറഞ്ഞു. 25 അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് ഒരു ലക്ഷം രൂപ വീതം, കാൻസർ ബാധിതരായ 25 കുട്ടികൾക്ക് 50,000 രൂപ വീതം ചികിത്സ സഹായം, 25 നിർധന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് എന്നിവ ഉൾപ്പെടെ ഈ വർഷം സാന്ത്വനം കുവൈത്ത് അരക്കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

