കുവൈത്തിന്റെ ജി.സി.സി അധ്യക്ഷ സഥാനം
text_fieldsഅബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: സംയുക്ത ഗൾഫ് പ്രവർത്തനത്തിൽ പ്രധാന വഴിത്തിരിവ് സൃഷ്ടിച്ച് കുവൈത്തിന്റെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അധ്യക്ഷ സ്ഥാനം അവസാനിക്കുന്നു.
ജി.സി.സി സംയോജനം മുന്നോട്ട് കൊണ്ടുപോകുന്നതിലും, പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിലും, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കൗൺസിലിന്റെ ദൃശ്യപരത വർധിപ്പിക്കുന്നതിലും ഈ കാലയളവിൽ കഴിഞ്ഞതായി വിദേശകാര്യ മന്ത്രിയും ജി.സി.സി മന്ത്രിതല കൗൺസിൽ നിലവിലെ ചെയർമാനുമായ അബ്ദുല്ല അൽ യഹ്യ പറഞ്ഞു.പ്രസിഡന്റ് സ്ഥാനം അവസാനിക്കുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുല്ല അൽ യഹ്യ. അംഗരാജ്യങ്ങൾ തമ്മിലുള്ള സജീവമായ കൂടിയാലോചനയും ഏകോപനവും അടിസ്ഥാനമാക്കിയുള്ള സമീപനത്തിലാണ് കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. വളർച്ചക്കും വികസനത്തിനും പിന്തുണ നൽകുന്നതിനായി കൂടുതൽ മത്സരാധിഷ്ഠിതവും ആകർഷകവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കൽ, ഭക്ഷ്യ, ജല സുരക്ഷ, പുനരുപയോഗ ഊർജം തുടങ്ങിയവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തി.ഫലസ്തീൻ വിഷയത്തിന് മുൻതൂക്കം നൽകി പ്രാദേശിക വിഷയങ്ങളിൽ ഉറച്ചതും ഏകീകൃതവുമായ നിലപാട് പുലർത്തി.
ഗസ്സയിലെ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും, തടസ്സമില്ലാത്ത മാനുഷിക സഹായം നൽകണമെന്നും, അന്താരാഷ്ട്ര പ്രമേയങ്ങളെയും അറബ് സമാധാന സംരംഭത്തെയും അടിസ്ഥാനമാക്കി സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടു. ദുരിതാശ്വാസ സംരംഭങ്ങളെ പിന്തുണക്കൽ, യുവജനങ്ങൾ, വിദ്യാഭ്യാസം, സാംസ്കാരിക പരിപാടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും മാനുഷികവും സാംസ്കാരികവുമായ മാനങ്ങൾക്ക് ഊന്നൽ നൽകിയതായും അബ്ദുല്ല അൽ യഹ്യ പറഞ്ഞു.ഡിസംബർ മൂന്നിന് ആരംഭിക്കുന്ന ജി.സി.സി സുപ്രീം കൗൺസിലിന്റെ 46ാമത് സെഷനിൽ ബഹ്റൈൻ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. ബഹ്റൈന് കുവൈത്തിന്റെ ഊഷ്മളമായ അഭിനന്ദനങ്ങളും എല്ലാ വിജയങ്ങളും അബ്ദുല്ല അൽ യഹ്യ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

