കുവൈത്ത് അമീറിന് ബ്രിട്ടനിൽ ഊഷ്മള സ്വീകരണം
text_fieldsസ്കോട്ലൻഡിലെ കിങ്സ് ഫൗണ്ടേഷൻ സന്ദർശിച്ച കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വൃക്ഷത്തൈ നടുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ബ്രിട്ടനിൽ ഊഷ്മള സ്വീകരണം. സ്കോട്ലാൻഡിലെ ഐർഷെയർ കൗണ്ടിയിലെ ഡംഫ്രിസിൽ കിങ്സ് ഫൗണ്ടേഷൻ സന്ദർശിച്ച അമീറിന് ഹൃദ്യമായ വരവേൽപ് ലഭിച്ചു. സന്ദർശനത്തിന്റെ ഓർമക്കായി അദ്ദേഹം അവിടെ വൃക്ഷത്തെ നട്ടു.
ചാൾസ് രാജാവിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് സ്വകാര്യ സന്ദർശനത്തിനായാണ് അമീർ യു.കെയിലെത്തിയത്. അമീറിനൊപ്പം അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ, അമീരി ദിവാനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അനുഗമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അമീറിനെ ഫോണിൽ വിളിച്ചിരുന്നു. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ശക്തി പകരാൻ അമീറിന്റെ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് കിരീടാവകാശിയായിരിക്കെ നാലുതവണ യു.കെ സന്ദർശിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രത്തലവനായ ശേഷം ആദ്യത്തെ സന്ദർശനമാണിത്. കുവൈത്തും ബ്രിട്ടനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 125ാം വാർഷികാഘോഷം നടക്കുന്ന വേളയാണിത്. 2022ൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ അന്നത്തെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി പോയത് ശൈഖ് മിശ്അൽ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

